ബെംഗളൂരു: കർണാടക മുഖ്യമന്ത്രി കസേരയ്ക്കായുള്ള തർക്കങ്ങൾക്കിടെ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ശനിയാഴ്ച രാവിലെ സിദ്ധരാമയ്യയുടെ വസതിയിലാണ് ഇരുവരും പ്രഭാതഭക്ഷണത്തിനായി ഒന്നിച്ചെത്തിയത്. പ്രഭാതഭക്ഷണത്തിന് ശേഷം ഇരുവരും ഒരുമിച്ച് വാർത്താമാധ്യമങ്ങളെ കണ്ടു. തങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഇല്ലെന്നും ഭാവിയിലും അതുണ്ടാവില്ലെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
‘പ്രഭാതഭക്ഷണം നന്നായിരുന്നു. ഞങ്ങൾ അവിടെ മറ്റൊന്നും സംസാരിച്ചില്ല. ഞങ്ങൾ ഭക്ഷണം കഴിക്കുക മാത്രമാണ് ചെയ്തത്. ഡി.കെ.എസ്. ഇന്ന് ഞങ്ങളുടെ വീട്ടിൽ വന്നു, എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു, അത്രയേ ഉണ്ടായുള്ളൂ. ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളില്ല, ഭാവിയിലും ഉണ്ടാകില്ല.’ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
‘2028-ലെ തിരഞ്ഞെടുപ്പാണ് ഞങ്ങളുടെ അജണ്ട. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രധാനമാണ്. ഞങ്ങൾ അതിനെക്കുറിച്ച് ചർച്ച ചെയ്തു. 2028-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വീണ്ടും അധികാരത്തിൽ എത്തിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. ഒരുമിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളില്ല, ഭാവിയിലും ഉണ്ടാകില്ല.’ അദ്ദേഹം പറഞ്ഞു.

