”രോഗം സഹിക്കാം; ജയിലിലെ വീർപ്പുമുട്ടൽ വയ്യ”: വേദനയോടെ സിസ്റ്റർ പ്രീതി

  • Home-FINAL
  • India
  • ”രോഗം സഹിക്കാം; ജയിലിലെ വീർപ്പുമുട്ടൽ വയ്യ”: വേദനയോടെ സിസ്റ്റർ പ്രീതി

”രോഗം സഹിക്കാം; ജയിലിലെ വീർപ്പുമുട്ടൽ വയ്യ”: വേദനയോടെ സിസ്റ്റർ പ്രീതി


ഛത്തീസ്ഗഡിലെ ദുർഗ് സെൻട്രൽ ജയിലിലെ പരാധീനതകളും അനാരോഗ്യവും അലട്ടുമ്പോഴും എങ്ങനെ എങ്കിലും പുറത്ത് കടക്കണമെന്നായിരുന്നു സിസ്റ്റർ പ്രീതി മേരിയുടെ ആഗ്രഹം. കുറച്ചു വർഷമായി ‘സോറിയാറ്റിക് ആർത്രൈറ്റിസ്’ രോഗത്തിനു ചികിത്സ തേടുന്ന സിസ്റ്റർ മേരിക്കു നിരന്തരമായ പരിചരണവും മെഡിക്കൽ പരിശോധനയും ആവശ്യമാണെന്നു വ്യക്തമാക്കുന്ന ഡോക്ടറുടെ കത്തു നൽകിയപ്പോഴും ജയിൽ അധികൃതർ അത് സ്വീകരിച്ചില്ല. യുഡിഎഫ് പ്രതിനിധി സംഘത്തിന്റെ ഭാഗമായി ജയിലിൽ കാണാനെത്തിയ കോൺഗ്രസ് എംപി ഹൈബി ഈഡനാണ് സിസ്റ്റർ പ്രീതിയെ ചികിത്സിക്കുന്ന ഡോക്ടർ ഡോ. പത്മനാഭ ഷേണായിയുടെ കത്തു കൈമാറിയത്. എന്നാൽ, പരിചരണം വേണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു അവർ. മാധ്യമങ്ങളിലൂടെ സിസ്റ്റർ പ്രീതിയെക്കുറിച്ചുള്ള വാർത്തയറിഞ്ഞാണ് ഡോ. ഷേണായി 2021 ജൂൺ മുതൽ തന്റെ ആശുപത്രിയിൽ ചികിത്സ തേടുന്നയാളാണിതെന്ന് ഹൈബിയെ അറിയിച്ചത്.

ത്വക്കിലും സന്ധികളിലും വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്ന കടുത്ത ഓട്ടോ ഇമ്യൂൺ രോഗമാണ് സോറിയാറ്റിക് ആർത്രൈറ്റിസ്. കേരളത്തിനു പുറത്തായതിനാൽ ഇടവിട്ടു ചികിത്സ മുടങ്ങിയിരുന്നെന്നും ഇതു രോഗതീവ്രത വർധിപ്പിച്ചെന്നും കത്തിലുണ്ട്. കഴിഞ്ഞ മേയ് 22ന് ആണ് സിസ്റ്റർ പ്രീതി ഒടുവിൽ ചികിത്സ തേടിയത്. ആവശ്യമായ മരുന്നും പരിചരണവും വ്യക്തമാക്കിയാണ് ഡോ. ഷേണായി കത്തു നൽകിയത്.

എന്നാൽ, മരുന്നും തൽക്കാലം വേണ്ടെന്ന നിലപാടിലായിരുന്നു സിസ്റ്റർ പ്രീതി. നിലത്തിരിക്കേണ്ട സാഹചര്യമായിരുന്നു. രോഗവിവരം അറിയിച്ചതോടെ കട്ടിൽ നൽകാമെന്ന് ജയിലധികൃതർ അറിയിച്ചെന്ന് ഹൈബി പറഞ്ഞു.

 

Leave A Comment