മുതിർന്ന പരിസ്ഥിതിശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

  • Home-FINAL
  • India
  • മുതിർന്ന പരിസ്ഥിതിശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

മുതിർന്ന പരിസ്ഥിതിശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു


ന്യൂഡൽഹി:
പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള അടിസ്ഥാനപരവും ജനകീയവുമായ സമീപനങ്ങളിലൂടെ ഇന്ത്യയിലെ പരിസ്ഥിതി ചർച്ചകളെ ആഴത്തിൽ സ്വാധീനിച്ച മുതിർന്ന പരിസ്ഥിതിശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. കുറച്ചുകാലത്തെ അസുഖത്തെ തുടർന്ന് ബുധനാഴ്ച രാത്രി പുണെയിലായിരുന്നു അന്ത്യം.
മകൻ സിദ്ധാർഥ ഗാഡ്ഗിലാന്ന് മരണവിവരം അറിയിച്ച് പ്രസ്താവന നൽകിയത്..
ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനത്തിന്റെ ശിൽപ്പികളിലൊരാളായി കണക്കാക്കപ്പെടുന്ന ഗാഡ്ഗിൽ, പശ്ചിമഘട്ടങ്ങളിൽ നിയന്ത്രണമില്ലാത്ത വികസനവും അടിസ്ഥാനസൗകര്യ പദ്ധതികളും ഉണ്ടാക്കുന്ന ഭീകരഫലങ്ങളെക്കുറിച്ച് വർഷങ്ങൾക്കുമുമ്പേ മുന്നറിയിപ്പ് നൽകിയ ശാസ്ത്രജ്ഞനായിരുന്നു. 2011-ൽ തയ്യാറാക്കിയ ഗാഡ്ഗിൽ റിപ്പോർട്ട് പശ്ചിമഘട്ടങ്ങളെ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ച് ശക്തമായ സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. എന്നാൽ റിപ്പോർട്ടിലെ നിർദേശങ്ങൾ ഇതുവരെയും പൂർണമായി നടപ്പാക്കിയിട്ടില്ല.

2024-ലെ ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ (UNEP) ‘ചാംപ്യൻസ് ഓഫ് ദി എർത്ത്’ ബഹുമതിയ്ക്ക് ഗാഡ്ഗിൽ അർഹനായി. ആറു പതിറ്റാണ്ടിലേറെ നീണ്ട ശാസ്ത്രീയ ജീവിതത്തിൽ ഹാർവാർഡ് സർവകലാശാല മുതൽ ഇന്ത്യയിലെ നയരൂപീകരണ തലങ്ങളിലേക്കുള്ള യാത്രയിൽ, സ്വയം “ജനങ്ങളുടെ ശാസ്ത്രജ്ഞൻ” എന്ന നിലയിലാണ് അദ്ദേഹം തന്റെ പ്രവർത്തനങ്ങളെ വിശേഷിപ്പിച്ചിരുന്നത്.
പശ്ചിമഘട്ട ഇക്കോളജി എക്‌സ്‌പേർട്ട് പാനലിന്റെ ചെയർമാനായിരുന്ന ഗാഡ്ഗിൽ, പശ്ചിമഘട്ടങ്ങളുടെ 75 ശതമാനം പ്രദേശം പരിസ്ഥിതി സംവേദനക്ഷമ പ്രദേശമായി പ്രഖ്യാപിക്കണമെന്നായിരുന്നു ശുപാർശ ചെയ്തത്. പിന്നീട് കെ. കസ്തൂരിരംഗൻ അധ്യക്ഷനായ സമിതി ഈ പരിധി കുറച്ചെങ്കിലും, കേന്ദ്രസർക്കാർ ഇതുവരെയും അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല.
1942-ൽ പുണെയിൽ ജനിച്ച ഗാഡ്ഗിൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc), ബെംഗളൂരുവിൽ 31 വർഷം അധ്യാപകനായി പ്രവർത്തിച്ചു. അവിടെ സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസ് സ്ഥാപിക്കുകയും ആദിവാസികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ സമൂഹങ്ങളുമായി ചേർന്ന് ഗവേഷണങ്ങൾ നടത്തുകയും ചെയ്തു. ഇന്ത്യയുടെ ബയോളജിക്കൽ ഡൈവേഴ്സിറ്റി ആക്റ്റ് രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് നിർണായക പങ്കുണ്ടായിരുന്നു.
ഗാഡ്ഗിലിന്റെ ആത്മകഥയായ “A Walk Up the Hill: Living with People and Nature” 2023-ൽ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും പ്രമുഖ ശാസ്ത്രജ്ഞയുമായ സുലോചന ഗാഡ്ഗിൽ കഴിഞ്ഞ വർഷം ജൂലായിൽ അന്തരിച്ചിരുന്നു.
.

Leave A Comment