35 ലക്ഷം നൽകി വാടകഗർഭധാരണത്തിലൂടെ കുട്ടി തങ്ങളുടേതല്ല, പരാതിയിൽ കണ്ടെത്തിയത് വൻ റാക്കറ്റിനെ

  • Home-FINAL
  • India
  • 35 ലക്ഷം നൽകി വാടകഗർഭധാരണത്തിലൂടെ കുട്ടി തങ്ങളുടേതല്ല, പരാതിയിൽ കണ്ടെത്തിയത് വൻ റാക്കറ്റിനെ

35 ലക്ഷം നൽകി വാടകഗർഭധാരണത്തിലൂടെ കുട്ടി തങ്ങളുടേതല്ല, പരാതിയിൽ കണ്ടെത്തിയത് വൻ റാക്കറ്റിനെ


35 ലക്ഷം നൽകിയിട്ടും ദമ്പതികൾക്ക് ലഭിച്ചത് തങ്ങളുടേതല്ലാത്ത കുഞ്ഞിനെ. സംഭവത്തിൽ പരാതിയുമായി ഇവർ മുന്നോട്ടു വന്നതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ അനധികൃത വാടക ഗർഭധാരണ, ബീജക്കടത്ത് റാക്കറ്റ് പിടിയിൽ. സംഭവത്തിൽ സെക്കന്തരാബാദിൽ ഡോക്ടറടക്കം 10പേർ പിടിയിലായി. റെഗിമന്റൽ ബസാറിലെ ഡോ. നമത്ര മാനേജറായ യൂനിവേഴ്‌സൽ സൃഷ്ടി ഫെർട്ടിലിറ്റി സെന്ററിൽ ഹൈദരാബാദിലാണ് നാടകീയ സംഭവങ്ങൾ. വാടകഗർഭധാരണം വഴി മാതാപിതാക്കളായ ദമ്പതികൾ പരാതിയുമായി രംഗത്തുവന്നതിന് പിന്നാലെയായിരുന്നു സെന്ററിൽ റെയ്ഡ് നടന്നത്. ഈ ക്ലിനിക്കിൽ വെച്ച് വാടക ഗർഭധാരണം വഴി ജനിച്ച കുഞ്ഞിന്റെ ഡി.എൻ.എ സാംപിൾ ദമ്പതികളുടെ സാംപിളുമായി യോജിച്ചില്ല. തുടർന്നായിരുന്നു പരാതി നൽകിയത്. പാവപ്പെട്ടവരെ ഗർഭധാരണത്തിലേക്ക് ആകർഷിക്കുന്നതും പ്രത്യുൽപാദന സാധനങ്ങളുടെ നിയമവിരുദ്ധമായ അന്തർസംസ്ഥാന കൈമാറ്റമടക്കം ഈ ഓപറേഷനിൽ ഉൾപ്പെട്ടിരുന്നു.

സെക്കന്തരാബാദിൽ താമസിക്കുന്ന രാജസ്ഥാനിൽ നിന്നുള്ള ദമ്പതികളാണ് പരാതി നൽകിയത്. വാടക ഗർഭധാരണത്തിനായി 35 ലക്ഷമാണ് ദമ്പതികൾ ക്ലിനിക്കിന് നൽകിയത്. എന്നാൽ കുഞ്ഞ് ജനിച്ചപ്പോൾ ഇവരുമായി യാതൊരു ജനിതക സാദൃശ്യവും ഉണ്ടായിരുന്നില്ല. സംശയം തോന്നിയ ദമ്പതികൾ വാടക ഗർഭപാത്രം നൽകിയ അമ്മയുടെ ഡി.എൻ.എ സാംപിൾ കുഞ്ഞിന്റെതുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെടുമ്പോൾ, ഡോ. നമത്ര അതിന് തയ്യാറായില്ല. തുടർന്ന് ഡൽഹിയിൽ വെച്ച് ദമ്പതികൾ സ്വന്തം നിലക്ക് ഡി.എൻ.എ പരിശോധന നടത്തി. ഫലം വന്നപ്പോഴാണ് കുഞ്ഞിന്റെ ഡി.എൻ.എ സാംപിളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന ഞെട്ടിക്കുന്ന സത്യം ദമ്പതികൾ മനസിലാക്കിയത്.

ഇക്കാര്യം ഡോ. നമ്രതയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ എന്തെങ്കിലും പ്രശ്‌നം സംഭവിച്ചിരിക്കാമെന്നവർ സമ്മതിച്ചു. പ്രശ്‌നം പരിഹരിക്കാൻ കുറച്ച് സമയവും ആവശ്യപ്പെട്ടു. പിന്നീട് ഇവരെ കാണാതായി. തുടർന്നാണ് ദമ്പതികൾ ഗോപാലപുരം പൊലീസിൽ പരാതി നൽകിയത്. ഒട്ടും വൈകാതെ പൊലീസ് യൂനിവേഴ്‌സൽ സൃഷ്ടി ഫെർട്ടിലിറ്റി സെന്ററിൽ റെയ്ഡ് നടത്തി. ക്ലിനിക്കിലെ ജീവനക്കാരെയും ചോദ്യം ചെയ്തു. റെയ്ഡിനിടെ ഇവിടെ നിന്ന് സുപ്രധാന പല രേഖകളും ബീജ സാംപിളുകളും പിടിച്ചെടുത്തു. ഇത് ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.നിയമവിരുദ്ധമായി ഗുജറാത്ത്, മധ്യപ്രദേശ് അടക്കമുള്ള നിരവധി സംസ്ഥാനങ്ങളിലേക്ക് ഈ ക്ലിനിക്കിൽ നിന്ന് അണ്ഡവും ബീജവും കടത്തിയതായി കണ്ടെത്തി. ഇന്ത്യൻ സ്‌പേം ടെക് എന്ന ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനവുമായി ഈ ഫെർട്ടിലിറ്റി സെന്ററിന് ബന്ധമുണ്ടായിരുന്നുവെന്നും കണ്ടെത്തി.

Leave A Comment