കശ്മീർ: ജമ്മു കശ്മീരിലെ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയർന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് സിവിൽ ഫോഴ്സ് ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടപ്പെട്ടു. 220 പേരെ കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.
കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ ചോസിതിയിലാണ് സംഭവം. വ്യാഴാഴ്ച ഉച്ച കഴിഞ്ഞുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം ഉണ്ടാവുകയായിരുന്നു. കിഷ്ത്വാറിലെ മചൈൽ മാതാ തീർത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള പാത ആരംഭിക്കുന്നിടത്താണ് മേഘവിസ്ഫോടനവും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായത്. സംഭവത്തെ തുടർന്ന് ക്ഷേത്രത്തിലേക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. തീർത്ഥാടകരെ ഒഴിപ്പിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.
ചോസിതി പ്രദേശത്ത് ഉണ്ടായ വലിയ മേഘവിസ്ഫോടനം ഗണ്യമായ നാശനഷ്ടങ്ങൾക്ക് കാരണമായേക്കാമെന്ന് വ്യക്തമാക്കിയ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ഭരണകൂടം ഉടൻ തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു. ‘രക്ഷാപ്രവർത്തന സംഘം ഉടൻ തന്നെ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടതായും മെഡിക്കൽ വിദഗ്ധർ അടക്കം സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് എക്സിൽ കുറിച്ചു.

