ശ്രീനഗർ: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന ജമ്മുവിൽ പാലം തകർന്ന് വീണു കാറുകൾ പുഴയിലേക്ക് വീണു. കരകവിഞ്ഞൊഴുകുന്ന തവി നദിയിലെ പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് നിരവധി വാഹനങ്ങൾ ഒഴുകിപ്പോയത്. നദിയിലെ നീരൊഴുക്ക് കൂടിയതോടെ പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. ഈ സമയത്ത് പാലത്തിലുണ്ടായിരുന്ന വാഹനങ്ങളാണ് ഗർത്തത്തിൽ കുടുങ്ങിയത്.
സംഭവം അറിഞ്ഞ് അധികൃതർ എത്തുമ്പോഴേക്കും വാഹനങ്ങൾ ഒഴുകിപ്പോയിരുന്നു. പ്രദേശത്ത് ഗതാഗതം പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. പ്രദേശവാസികൾക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദീതീരങ്ങളിൽ നിന്ന് ജനങ്ങൾ മാറിതാമസിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭ്യർത്ഥിച്ചു, അതേസമയം, പ്രതിസന്ധി നേരിടാനായി അടിയന്തര ഹെൽപ്പ് ലൈനുകൾ സജീവമാക്കിയിട്ടുണ്ട്. ഡസൻ കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച കിഷ്ത്വാറിലും കത്വയിലും അടുത്തിടെയുണ്ടായ മാരകമായ മേഘവിസ്ഫോടനങ്ങളെ തുടർന്നാണ് മുന്നറിയിപ്പ്.
മഴയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് ചൊവ്വാഴ്ച രാവിലെ ജമ്മുവിലെ വൈഷ്‌ണോദേവി യാത്ര നിർത്തിവച്ചിരുന്നു. യാത്രയ്ക്ക് തയ്യാറെടുക്കുന്നതിന് മുൻപ് കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കണമെന്ന് അധികൃതർ തീർത്ഥാടകരോട് നിർദ്ദേശിച്ചു. ബുധനാഴ്ച മുതൽ ഓഗസ്റ്റ് 30 വരെ ജമ്മുവിൽ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ ചുമതലയുള്ള ഡയറക്ടർ മുഖ്താർ അഹമ്മദ് അറിയിച്ചു. എന്നിരുന്നാലും അതിന് ശേഷം ചെറിയ രീതിയിലോ, കനത്ത തോതിലോ മഴ പുനരാരംഭിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കശ്മീർ താഴ്വരയിൽ സെപ്റ്റംബർ 5 വരെ മഴ ലഭിക്കില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജമ്മു കാശ്മീരിലുടനീളം നിർത്താതെ പെയ്യുന്ന മൺസൂൺ മഴ നദികളിലെയും അരുവികളിലെയും ജലനിരപ്പ് കുത്തനെ ഉയരാൻ കാരണമായി. തുടർന്നാണ് പല സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടയത്. ജലാശയങ്ങൾ, നദിതീരങ്ങൾ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ മാറി താമസിക്കുവാനും സ്ഥിതിഗതികൾ വഷളായികൊണ്ടിരിക്കുന്നതിനാൽ ജാഗ്രത പാലിക്കുവാനും അധികൃതർ അറിയിച്ചിട്ടുണ്ട്.
ശക്തമായി തുടരുന്ന മഴ കാരണം താഴ്ന്ന പ്രദേശങ്ങളിൽ നദികൾ കരകവിഞ്ഞൊഴുകിയും മണ്ണിടിച്ചിലുണ്ടായും അപകടങ്ങൾ സംഭവിച്ചിരുന്നു. ഈ മാസം 17ന് കത്വ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
നേരത്തെ, ജമ്മു കാശ്മീരിലും ഹിമാചൽ പ്രദേശിലും കനത്ത മഴയ്ക്ക് പിന്നാലെ കനത്ത നാശനഷ്ടം വിതച്ച് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായിരുന്നു. പ്രശസത് തീർത്ഥാടന കേന്ദ്രമായ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ തുടർച്ചയായ കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായി. അപകടത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഔദ്യോഗികമായ മരണസംഖ്യ ഇനിയും പുറത്തുവന്നിട്ടില്ല. പ്രദേശത്ത് മേഘവിസ്ഫോടനങ്ങളും ഉണ്ടായി.

