ശ്രീനഗർ: ജമ്മുകാശ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ സെെന്യവും പൊലീസും സിആർപിഎഫും അടങ്ങുന്ന സംയുക്ത സംഘം സ്ഥലത്തെത്തി 11 മണിയോടെ ഓപ്പറേഷൻ തുടങ്ങുകയായിരുന്നു. ‘ഓപ്പറേഷൻ ത്രാഷി -1’ എന്ന പേരിലാണ് ഓപ്പറേഷൻ.ഒരു കുന്നിൻ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന മൺകട്ട കൊണ്ട് നിർമ്മിച്ച വീടിനുള്ളിലാണ് ഭീകരർ ഒളിവിൽ കഴിഞ്ഞിരുന്നത്. സെെനികരെത്തിയതോടെ ഇവർ വെടിയുതിർക്കുകയായിരുന്നു. തന്ത്രപരമായ നീക്കത്തിലൂടെ ഭീകര കേന്ദ്രം നിയന്ത്രണത്തിലാക്കി രണ്ട് ഭീകരരെ വധിച്ചതായി സെെന്യത്തിന്റെ വെെറ്റ് നെെറ്റ് കോർപ്സ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു. സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.
രണ്ട് എകെ 47 റെെഫിളുകളടക്കം അത്യാധുനിക യുദ്ധ ഉപകരണങ്ങളും വീട്ടിൽ നിന്ന് പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. ‘വേട്ട തുടരുന്നു – രാജ്യത്തിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്ക് അഭയം കണ്ടെത്താൻ കഴിയില്ല’- സെെന്യം എക്സിൽ കുറിച്ചു.

