കരൂർ ദുരന്തം: മരിച്ചവരിൽ ഒന്നര വയസുകാരനും രണ്ട് ഗർഭിണികളും; 38 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, വിജയ്‌ക്കെതിരെ രൂക്ഷവിമർശനം

  • Home-FINAL
  • India
  • കരൂർ ദുരന്തം: മരിച്ചവരിൽ ഒന്നര വയസുകാരനും രണ്ട് ഗർഭിണികളും; 38 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, വിജയ്‌ക്കെതിരെ രൂക്ഷവിമർശനം

കരൂർ ദുരന്തം: മരിച്ചവരിൽ ഒന്നര വയസുകാരനും രണ്ട് ഗർഭിണികളും; 38 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, വിജയ്‌ക്കെതിരെ രൂക്ഷവിമർശനം


ചെന്നൈ: കരൂറിൽ ടിവികെ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ മരിച്ച 38 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിയാനുണ്ട്. മരിച്ചവരിൽ ഒരു ഒന്നര വയസുകാരനും രണ്ട് ഗർഭിണികളും ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദുരന്തത്തിൽ ജീവൻ നഷ്ടമായി. ഹേമലത, മക്കളായ സായ് കൃഷ്ണ, സായ് ജീവ എന്നിവരാണ് മരിച്ചത്. രാവിലെ ആറുമണിയോടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിത്തുടങ്ങി. 15 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. 12 മൃതദേഹങ്ങൾ ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകി. കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം.

ഇന്നലെ വൈകുന്നേരം എട്ടുമണിയോടെയാണ് കരൂരിൽ വിജയ് യുടെ രാഷ്ട്രീയ പാർട്ടിയുടെ റാലിക്കിടെ തിക്കും തിരക്കുമുണ്ടായത്. പരിപാടിയിൽ പങ്കെടുക്കാൻ ആറ് മണിക്കൂർ വൈകി എത്തിയ വിജയ് കനത്ത ചൂടിൽ കാത്തു നിന്നവർക്ക് വെള്ളക്കുപ്പികൾ എറിഞ്ഞു കൊടുത്തിരുന്നു. ഇത് പിടിക്കാൻ ആളുകൾ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.

ദുരന്തത്തിൽ പരിക്കേറ്റ 111 പേർ ചികിത്സയിൽ തുടരുകയാണ്. 50 പേർ കരൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലും 61 പേർ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ വീതം നൽകുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിരുന്നു. പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപ വീതവും നൽകും.

താൻ നടത്തിയ പരിപാടിയിൽ ഇത്ര വലിയ ദുരന്തമുണ്ടാവുകയും 39 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തപ്പോഴും ഒരക്ഷരം പോലും പ്രതികരിക്കാതെ പോയ വിജയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. . തമിഴക വെട്രി കഴകം നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വി പി മതിയഴകൻ അടക്കമുള്ളവർക്കെതിരെയാണ് കേസ്. കരൂർ ടൗൺ പൊലീസിന്റേതാണ് നടപടി. നാല് വകുപ്പുകൾ ചുമത്തിയാണ് കേസ്. മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നടൻ വിജയ്ക്കെതിരെയും കേസെടുക്കുമെന്നാണ് വിവരം.

 

Leave A Comment