ന്യൂഡൽഹി കരൂരിൽ ടി.വി.കെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങളെയും വിജയ് ദത്തെടുക്കും. മരിച്ചവരുടെ കുടുംബങ്ങളുടെ വിദ്യാഭ്യാസ, ചികിത്സാ ചെലവുകൾ ഉൾപ്പെടെ എല്ലാ ചെലവുകളുമാണ് ഏറ്റെടുക്കുന്നത്. ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജ്മെന്റ് യൂണിറ്റ് ജനറൽ സെക്രട്ടറി അധവ് അർജുനയാണ് ഇക്കാര്യം അറിയിച്ചത്. കരൂർ ദുരന്തം സിബിഐ അന്വേഷിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പിന്നാലെയാണ് ടി.വി.കെ ഇക്കാര്യം വ്യക്തമാക്കിയത്.
മരിച്ചവരെല്ലാം തങ്ങളുടെ കുടുംബത്തിൽനിന്നുള്ളവരാണെന്നും അവരെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും വിജയ് അവരുടെ കുടുംബാംഗങ്ങളിൽ ഒരാളായിരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. പൊലീസ് പറഞ്ഞ സ്ഥലത്തു മാത്രമാണ് റാലി നടത്തിയത്. കരൂർ പൊലീസാണ് അന്ന് അവിടെ സ്വീകരിക്കാനെത്തിയത്. മറ്റെവിടെയും ഞങ്ങളെ സ്വീകരിക്കാത്ത പൊലീസ് എന്തിനാണ് കരൂരിൽ മാത്രം തങ്ങളെ സ്വീകരിച്ചത്? വിജയ് വൈകി എത്തി എന്നതും തെറ്റായ ആരോപണമാണ്. വിജയ്യുടെ നേതൃപാടവത്തെ മദ്രാസ് ഹൈക്കോടതി ചോദ്യം ചെയ്തത് ഞെട്ടിക്കുന്നതാണെന്നും ഇക്കാര്യം എത്രത്തോളം തെറ്റാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയെന്നും അധവ് അർജുന പറഞ്ഞു.

