തമിഴ്നാട് ബി.ജെ.പി വൈസ് പ്രസിഡൻറായി നടി ഖുഷ്ബു സുന്ദർ. എം. ചക്രവർത്തി, വി. പി ദുരൈസാമി, കെ. പി. രാമലിംഗം എന്നിവരുൾപ്പെടെ 14 പേരെയാണ് വൈസ് പ്രസിഡൻറുമാരായി ബി.ജെ.പി നിയമിച്ചത്. കേശവ വിനായകനെ ദക്ഷിണ സംസ്ഥാന ജനറൽ സെക്രട്ടറിയായി (സംഘടന) നിയമിച്ചു. ജെ.പി നദ്ദയുടെ അംഗീകാരത്തോടെ, തമിഴ്നാട് ബി.ജെ.പിക്ക് പുതിയ സംസ്ഥാന ഭാരവാഹികളെ നിയമിച്ചതായി ഭാരവാഹികളുടെ പട്ടിക പങ്കുവെച്ചുകൊണ്ട് ബി.ജെ.പി തമിഴ്നാട് അറിയിച്ചു. 2026ൽ തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി ഭാരവാഹികളിൽ അഴിച്ചുപണി നടത്തുന്നത്.
‘എന്നിൽ വിശ്വസിച്ച് തമിഴ്നാട് സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന വലിയ ഉത്തരവാദിത്തം നൽകിയതിന് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്തിരനോടും ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ബി.ജെ.പിയുടെ ഒരു കാര്യകർത്താവ് എന്ന നിലയിൽ, എന്റെ പരമാവധി നൽകാമെന്നും കൂടുതൽ കഠിനാധ്വാനം ചെയ്യുമെന്നും വാഗ്ദാനം ചെയ്യുന്നു’ -ഖുശ്ബു എക്‌സ് പോസ്റ്റിൽ അറിയിച്ചു.

