കർണാടകയിൽ ഗവ. ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു; ഭർത്താവ് കൊല്ലപ്പെട്ടത് മൂന്നുവർഷം മുൻപ്

  • Home-FINAL
  • India
  • കർണാടകയിൽ ഗവ. ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു; ഭർത്താവ് കൊല്ലപ്പെട്ടത് മൂന്നുവർഷം മുൻപ്

കർണാടകയിൽ ഗവ. ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു; ഭർത്താവ് കൊല്ലപ്പെട്ടത് മൂന്നുവർഷം മുൻപ്


ബെംഗളൂരു: കർണാടകയിലെ യാഡ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി ഗിരീഷ് കാമ്പനൂർ ആണ് കൊല്ലപ്പെട്ടത്. മൂന്നുവർഷം മുൻപ് അഞ്ജലിയുടെ ഭർത്താവ് ഗിരീഷ് കാമ്പനൂരിനെയും ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ കേസ് മുന്നോട്ടുപോകുന്നതിനിടെയാണ് അഞ്ജലി കൂടി കൊല്ലപ്പെട്ടത്. ബുധനാഴ്ചയാണ് അഞ്ജലിയുടെ നേർക്ക് നാലംഗസംഘത്തിന്റെ ആക്രമണമുണ്ടായത്. ഓഫീസിലേക്ക് പോകുന്നതിനിടെ നാലംഗസംഘം ഗ്രീൻസിറ്റിക്ക് സമീപത്തുവെച്ച് അഞ്ജലിയുടെ കാർ തടഞ്ഞു. പിന്നാലെ കാറിന്റെ ചില്ല് അടിച്ചുതകർത്ത അക്രമികൾ അഞ്ജലിയുടെ മുഖത്തും കൈകളിലും ഉൾപ്പെടെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഡ്രൈവർ ഉടൻതന്നെ യിംസ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

കോൺഗ്രസ് പ്രവർത്തകയായിരുന്ന അഞ്ജലി ഷഹാബാദ് സിറ്റി മുനിസിപ്പൽ കൗൺസിലിലെ മുൻ ചെയർപേഴ്സൺ ആയിരുന്നു. ഭർത്താവിന്റെ കൊലപാതകത്തിന് പിന്നാലെ രണ്ടുവർഷം മുൻപാണ് ഇവർ സർക്കാർ ജോലിയിൽ പ്രവേശിച്ചത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. രാഷ്ട്രീയവും സംഭവത്തിന് പിന്നിലുണ്ടെന്നാണ് പൊലീസ് നിഗമനം ഇതിനുപിന്നിൽ രാഷ്ട്രീയതർക്കങ്ങളുണ്ടെന്നും പോലീസ് കരുതുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ നാലുപേർക്ക് പുറമേ ഒട്ടേറെപേർക്ക് ഇതിന്റെ ഗൂഢാലോചനയിൽ പങ്കുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്.

Leave A Comment