ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പീഡന കേസിലെ അതിജീവിത സുപ്രീം കോടതിയിൽ ഹർജി നൽകി. ദീപ ജോസഫിന്റെ ഹർജിയിലാണ് അതിജീവിത തടസ്സ ഹർജി നൽകിയത്. ദീപ ജോസഫിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത തടസ്സഹർജി നൽകിയത്. അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയായ ദീപ ജോസഫിനെതിരെ അഡ്വ കെ.ആർ.സുഭാഷ് ചന്ദ്രനാണ് തടസ്സ ഹർജി ഫയൽ ചെയ്തത്.
അതേസമയം, ലൈംഗികപീഡനക്കേസുകളിൽ പ്രതിയായ രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ.മുരളി എംഎൽഎ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്‌സ് കമ്മിറ്റിക്കു കൈമാറിയിരുന്നു. മൂന്നാമത്തെ പരാതിയിൽ കോടതി ജാമ്യം അനുവദിച്ചതോടെ ജയിൽവിട്ട് രാഹുൽ വീട്ടിൽ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നുള്ള പരാതി പരിഗണിക്കുന്നത്.

