കൊച്ചി: കേരളത്തിൽ വിതരണം ചെയ്യുന്ന റേഷനരി മുഴുവനും കേന്ദ്രത്തിന്റെതാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ‘കേരളത്തിൽ കൊടുക്കുന്ന റേഷനിൽ മുഴുവൻ അരിയും മോദി അരിയാണ്. പിണറായി വിജയന്റേത് ഒരു മണിപോലുമില്ല’ ജോർജ് കുര്യൻ പറഞ്ഞു. ഓണത്തിന് സംസ്ഥനത്തിന് പ്രത്യേക അരിവിഹിതം കേന്ദ്രം അനുവദിച്ചില്ലെന്ന വിമർശനങ്ങളോടായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
ജനങ്ങളുടെ അവകാശമായതിനാലാണ് ഇതുവരെ പറയാതിരുന്നത്. അതുകൊണ്ടാണ് ഞങ്ങൾ തരുന്നത് കൊണ്ട് നിങ്ങൾ വോട്ട് ചെയ്യണമെന്ന് പറയാത്തത്. ഇനിയിപ്പോൾ ഇത് വിളിച്ചു പറയാൻ ബി.ജെ.പി പ്രവർത്തകരോട് പറയേണ്ടി വരും. കേരളത്തിലെ ബിജെപി പ്രവർത്തകരോട് താൻ അഭ്യർത്ഥക്കുകയാണ്, എല്ലാദിവസവും ഇത് പറഞ്ഞോണ്ടിരിക്കണമെന്നും കുര്യൻ പറഞ്ഞു.
കേരളത്തിൽ നടക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും കേന്ദ്രത്തിന്റെ സഹകരണത്തോടെ മാത്രമേ നടക്കുന്നുള്ളൂ. ഒരു രംഗത്തും കേരളത്തെ അവഗണിക്കുന്നില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് കേന്ദ്രം നൽകുന്ന ഭക്ഷ്യ വസ്തുക്കളുടെ കണക്കുകളും ജോർജ് കുര്യൻ വിശദീകരിച്ചു. 1,18,754 മെട്രിക് ടൺ ഭക്ഷ്യ വസ്തുക്കളാണ് ഒരു മാസം കേന്ദ്രം കേരളത്തിന് നൽകുന്നത്. അതിൽ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ അടിസ്ഥാനത്തിൽ നൽകുന്ന 69831 മെട്രിക് ടൺ അരിയും 15629 മെട്രിക് ടൺ ഗോതമ്പുമാണ്. ടൈഡ്ഓവർ പ്രകാരം 33294 മെട്രിക് ടൺ അരി അല്ലാതെയും നൽകുന്നു. 8.30 രൂപയ്ക്കാണ് ഈ അരി കേന്ദ്ര നൽകുന്നത്. അത് കേരളത്തിൽ 42 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് കേന്ദ്രത്തിന്റെ സൗജന്യ അരി ലഭിക്കുന്നത്.
ഓണംപോലെയുള്ള അവസരങ്ങൾ ആറ് മാസത്തെ അരി അഡ്വാൻസായി സംസ്ഥാനത്തിന് എടുത്ത് വിതരണം ചെയ്യാം. കൂടാതെ 22.5 രൂപയ്ക്കും അരി വാങ്ങാം. ഇതെല്ലാം മോദി അരിയാണെന്നും ജോർജ് കുര്യൻ പറഞ്ഞു.

