തിരുവനന്തപുരം: ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി. രാവിലെ 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, എന്നിവർ സ്വീകരിച്ചു. നാല് പുതിയ ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് , തോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിൽ കേന്ദ്രം സ്ഥാപിക്കുന്ന ഇന്നവേഷൻ, ടെക്നോളജി ആൻഡ് ഒൻട്രപ്രനർഷിപ് ഹബ്ബിനു തറക്കല്ലിടൽ, തിരുവനന്തപുരം കോർപ്പറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനം എന്നിവയാണ് നിർവഹിക്കുന്നത്. മൂന്നു ചടങ്ങുകളും നടക്കുന്ന കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര റോഡ് ഷോയാണ്. കാൽലക്ഷത്തോളം പാർട്ടി പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും.
ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു തുടക്കം കുറിക്കാനാണ് ബി.ജെ.പിയുടെ പദ്ധതി.
ഔദ്യോഗിക പരിപാടികൾക്കായുള്ള ആദ്യവേദിയിൽ തിരുവനന്തപുരം- താംബരം,തിരുവനന്തപുരം-ഹൈദരാബാദ്, നാഗർകോവിൽ- മംഗളൂരു അമൃത് ഭാരത് ട്രെയിനുകൾ, ഗുരുവായൂർ- തൃശൂർ പാസഞ്ചർ എന്നിവ ഫ്ളാഗ് ഓഫ് ചെയ്യും. ഇതേ ചടങ്ങിൽ ഇന്നവേഷൻ, ടെക്നോളജി ആൻഡ് ഒൻട്രപ്രനർഷിപ് ഹബ്ബിന്റെ തറക്കല്ലിടലും നിർവഹിക്കും. ഈ ചടങ്ങുകൾക്കു ശേഷം കോർപ്പറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനത്തിനായി സമീപത്തെ പാർട്ടി വേദിയിലേക്ക് പ്രധാനമന്ത്രി എത്തും. പുത്തരിക്കണ്ടത്തെ റെയിൽവേയുടെ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. തുടർന്ന് 12.40ഓടെ പ്രധാനമന്ത്രി മടങ്ങും.

