ബിജെപി നേതാവ് സി.സദാനന്ദൻ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിൽ, ദൈവനാമത്തിലായിരുന്നു അദ്ദേഹം സത്യവാചകം ചൊല്ലി ചുമതലയേറ്റത്. സി. സദാനന്ദനെ കൂടാതെ അഭിഭാഷകൻ ഉജ്വൽ നികം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല, ചരിത്രകാരിയും അധ്യാപികയുമായ മീനാക്ഷി ജെയിൻ എന്നിവരും രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. നാലുപേരെയും രാഷ്ട്രപതി ദ്രൗപദി മുർമുവാണ് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശിയായ സി.സദാനന്ദൻ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്. 1994 ജനുവരി 25-നുണ്ടായ ആർഎസ്എസ്-സിപിഎം സംഘർഷത്തിൽ അദ്ദേഹത്തിന് ഇരുകാലുകളും നഷ്ടമായിരുന്നു. 2016-ലും 2021-ലും നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016-ൽ സദാനന്ദന്റെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു.

