സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിച്ച എംടി ചികിത്സയിൽ കഴിയുകയായിരുന്നു. 91 വയസായിരുന്നു കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നു.
നോവലിസ്റ്റ്, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ. എംടിയെന്ന രണ്ടക്ഷരത്തിൽ സർഗാത്മകതയുടെ വിവിധ മേഖലകളിൽ എന്നും മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. ഇന്ത്യൻ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്റെ സംഭാവനകൾ പല തലമുറകളിളിൽ മായാത്ത മുദ്ര പതിപ്പിച്ചു. ലളിതമായ ഭാഷയും ചിരപരിചിതമായ ജീവിതപരിസരവും അക്ഷരങ്ങളിലൂടെയും അഭ്രപാളിയിലൂടെയും ജീവിതയാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയാണ് എം ടി നമുക്ക് സമ്മാനിച്ചത്.
കോളജ് പഠനകാലത്ത് പുറത്തിറങ്ങിയ രക്തം പുരണ്ട മണൽത്തരികൾ ആണ് ആദ്യ കഥാസാമാഹാരം. പാതിരാവും പകൽ വെളിച്ചവുമാണ് ആദ്യ നോവൽ. നാലുകെട്ടുമുതൽ വാരാണസി വരെ, കാലം മുതൽ അസുരവിത്തുവരെ. എഴുതിയ നോവലുകളെല്ലാം മലയാളിയുടെ പ്രിയപ്പെട്ടതായി. രണ്ടാമൂഴം ക്ലാസിക് നോവലുകളുടെ കൂട്ടത്തിലിടം പിടിച്ചു.

