ബംഗളൂരു: ബസ് സ്റ്റാൻഡിൽ വച്ച് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്. ബംഗളൂരുവിലെ സുങ്കടകട്ടെ ബസ് സ്റ്റാൻഡിലാണ് ക്രൂരമായ കൊലപാതകം. കാരനായ ക്യാബ് ഡ്രൈവർ ലോഹിതാശ്വ ആണ് ഭാര്യ രേഖയെ (32) കൊലപ്പെടുത്തിയത്. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. രേഖയുടെ ആദ്യ വിവാഹത്തിലെ മകളുടെ കൺമുന്നിലായിരുന്നു കൊലപാതകം.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ഒരു കോൾ സെന്ററിൽ ജോലി ചെയ്യുകയായിരുന്നു രേഖ. സുഹൃത്തുക്കളായിരുന്ന ലോഹിതാശ്വയും രേഖയും ഒന്നര വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞതോടെ ഇവർക്കിടയിൽ സ്വരചേർച്ച ഇല്ലാതായി. സംഭവദിവസവും ഇവർ തമ്മിൽ വലിയ തർക്കമുണ്ടായി. ശേഷം 13 വയസുകാരിയായ മകളെയും കൂട്ടി രേഖ ബസ് സ്റ്റാൻഡിലേക്ക് പോയപ്പോൾ ലോഹിതാശ്വയും പിന്തുടർന്നെത്തി കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തേറ്റ രേഖ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
സ്ഥലത്തുണ്ടായിരുന്നവർ ലോഹിതാശ്വയെ തടഞ്ഞുവയ്ക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി. സംഭവത്തിൽ കാമാക്ഷിപാളയ പൊലീസ് കേസെടുത്ത് പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. രേഖയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

