ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചില്ല. ഇവർ ജയിലിൽ തുടരും. ബുധനാഴ്ച ജാമ്യംതേടി ദുർഗിലെ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയതിനാൽ ജാമ്യാപേക്ഷ പരിഗണിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്നായിരുന്നു സെഷൻസ് കോടതിയുടെ നിലപാട്. വിഷയത്തിൽ ബിലാസ്പുരിലെ എൻഐഎ കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചില്ലെന്ന് അറിഞ്ഞതോടെ കോടതിക്ക് പുറത്ത് ബജ്റങ്ദൾ പ്രവർത്തകരുടെ വൻ ആഘോഷപ്രകടനം അരങ്ങേറി.
ജാമ്യാപേക്ഷ പരിഗണിക്കുമെന്ന വിവരമറിഞ്ഞ് ബുധനാഴ്ച രാവിലെ മുതൽതന്നെ ജ്യോതിശർമ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിൽ ബജ്റങ്ദൾ പ്രവർത്തകർ കോടതിക്ക് മുന്നിൽ എത്തിയിരുന്നു. കന്യാസ്ത്രീകൾക്ക് ജാമ്യംനൽകരുതെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ മുദ്രാവാക്യവും മുഴക്കി. തുടർന്ന് കേസ് പരിഗണിച്ചതിന് പിന്നാലെ കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയില്ലെന്ന് ബജ്റങ്ദളിന്റെ അഭിഭാഷകർ പുറത്തെത്തി അറിയിച്ചു. ഇതോടെയാണ് ബജ്റങ്ദൾ പ്രവർത്തകർ കരഘോഷം മുഴക്കി മുദ്രാവാക്യം വിളികളുമായി ആഘോഷങ്ങൾ ആരംഭിച്ചത്.
സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരാണ് ഛത്തീസ്ഗഢിൽ അറസ്റ്റിലായത്.

