കൊച്ചി: പി. എം. ശ്രീ പദ്ധതി കേന്ദ്രവും കേരളവും ധാരണാപത്രത്തിൽ ഒപ്പിട്ടു. സി.പി.ഐയുടെ എതിർപ്പിനെ തുടർന്ന് വിവാദമായ പി. എം. ശ്രീ പദ്ധതിയിൽ കേന്ദ്രവും സംസ്ഥാനവും ഒപ്പിട്ടു. വിദ്യാഭ്യാസ സെക്രട്ടറി ഡൽഹിയിലെത്തിയാണ് കരാറിൽ ഒപ്പിട്ടത്. മൂന്നു വർഷമായി തുടരുന്ന എതിർപ്പ് മാറ്റിവച്ചാണ് കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’ (പ്രധാൻ മന്ത്രി സ്‌കൂൾസ് ഫോർ റൈസിങ് ഇന്ത്യ) നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. പദ്ധതിയിൽ ചേർന്നാൽ പുതിയ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരും എന്നതായിരുന്നു കേരളം അടക്കം പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എതിർപ്പിനു മുഖ്യ കാരണം. സ്‌കൂളിനു മുന്നിൽ ‘പിഎം ശ്രീ സ്‌കൂൾ’ എന്ന ബോർഡ് വയ്ക്കേണ്ടിവരുമെന്നതും എതിർപ്പിനു കാരണമായി. രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
കേരളം, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഒഴികെ 33 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പദ്ധതിയുടെ ഭാഗമായി. ‘പിഎം ശ്രീ’ പദ്ധതിയിൽ സംസ്ഥാനം ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളുടെ ഫണ്ട് വിഹിതം അനുവദിക്കാതെ കേന്ദ്രം സാമ്പത്തിക ഉപരോധം കടുപ്പിച്ചതോടെയാണു കേരളം വഴങ്ങുന്നത്. സമഗ്ര ശിക്ഷ കേരളം (എസ്എസ്‌കെ) വഴി നടപ്പാക്കുന്ന മിക്ക കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളും പ്രതിസന്ധിയിലാണ്. കേന്ദ്രത്തിൽനിന്ന് 1186.84 കോടി രൂപ ലഭിക്കാനുണ്ടെന്നു മന്ത്രി വി.ശിവൻകുട്ടി പറയുന്നു. ഇതിൽ 280.58 കോടി രൂപ 2023-24ലേയും 513.54 കോടി കഴിഞ്ഞ അധ്യയന വർഷത്തേയും കുടിശികയാണ്.

