തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മറ്റന്നാളും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇന്നും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലർട്ടാണ്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി കന്യാകുമാരി കടൽ, ശ്രീലങ്ക, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവയ്ക്ക് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി കൂടിയ ന്യൂനമർദമായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇത് തീവ്രന്യൂനമർദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്.
മലേഷ്യയ്ക്കും മലാക്ക കടലിടുക്കിനും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന്‍റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. അതേസമയം തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുകയാണ്. പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ തമിഴ്നാട്ടിൽമരിച്ചു. ഇതോടെ മഴക്കെടുതിയെ തുടർന്ന് മരണം നാലായി. തൂത്തുക്കുടിയിലാണ് 75കാരൻ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്.
കനത്ത മഴയെ തുടർന്ന് തെക്കൻ തമിഴ്നാട്ടിലും ഡെൽറ്റ ജില്ലകളിലും വ്യാപക കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തൂത്തുക്കുടി, തെങ്കാശി, തിരുനെൽവേലി ഒഴികെയുള്ള ജില്ലകളിൽ ഇന്ന് മഴയ്ക്ക് ശമനമുണ്ടായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

