ന്യൂഡൽഹി: അവകാശികളില്ലാതെ ഇന്ത്യയിലെ ബാങ്കുകളിൽ കിടക്കുന്ന 67,270 കോടി രൂപയ്ക്ക് എന്തു ചെയ്യണമെന്ന കാര്യത്തിൽ ഒടുവിൽ തീരുമാനമായി. ഈ തുക എന്ത് ചെയ്യണമെന്ന കാര്യത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശം പുറപ്പെടുവിച്ചത്. തുക ഉടമകൾക്ക് തന്നെ തിരികെ നൽകാൻ പ്രത്യേക പരിപാടിക്ക് തന്നെ തുടക്കം കുറിക്കുകയാണ് ആർബിഐ. ഈ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലായിരിക്കും പ്രത്യേക കർമപരിപാടി സംഘടിപ്പിക്കുക. ഗ്രാമീണ, സെമി അർബൻ മേഖലകൾ കേന്ദ്രീകരിച്ചാവും ക്യാമ്പയിൻ നടത്തുകയെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. അവകാശികളില്ലാത്ത പണം നിക്ഷേപകർക്ക് നൽകാൻ ബാങ്കുകൾ പരമാവധി ശ്രമിക്കണമെന്ന് ആർ.ബി.ഐ നിർദേശിച്ചിട്ടുണ്ട്. ആർബിഐ മുൻ ഗവർണർ ശക്തികാന്ത ദാസിന്റെ കാലയളവിലാണ് ഇത്തരത്തിൽ ഉടമകളില്ലാത്ത ബാങ്ക് അക്കൗണ്ടുകളിലെ പണത്തെ സംബന്ധിച്ച് വിവരം ശേഖരിക്കാൻ നിർദേശം നൽകിയത്. ഇതിനായി പ്രത്യേക പോർട്ടൽ തുടങ്ങുമെന്നും അദ്ദേഹം അന്ന് അറിയിച്ചിരുന്നു.
10 വർഷമായി ഇടപാടുകളൊന്നും നടക്കാത്ത കറന്റ് അല്ലെങ്കിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ. കാലാവധി കഴിഞ്ഞിട്ടും അവകാശികളില്ലാത്ത ടേം ഡെപ്പോസിറ്റുകൾ. ഇനിയും സ്വീകരിക്കാത്ത ഡിവിഡന്റ്, പലിശ എന്നിവയാണ് ഇത്തരത്തിൽ അവകാശികളില്ലാത്ത പണമായി ആർ.ബി.ഐ കണക്കാക്കുന്നത്. ഇതുമായി ബന്ധപെട്ട് പ്രിന്റ്, ഇലക്ട്രോണിക് മീഡിയകളിലൂടെ പരസ്യം നൽകി ആളുകളെ ബോധവൽക്കരിക്കാനും ആർ.ബി.ഐ നിർദേശിച്ചിരുന്നു. കഴിഞ്ഞ ജൂലായിലാണ് ഇന്ത്യയിൽ 67,270 കോടിയുടെ അവകാശികളില്ലാത്ത പണമുണ്ടെന്ന് പാർലമെന്റിനെ കേന്ദ്രസർക്കാർ അറിയിച്ചത്.

