ന്യൂഡൽഹി: ചെങ്കോട്ടയിൽ 12 പേരുടെ മരണത്തിനും ഒട്ടേറെ പേരുടെ പരിക്കിനും കാരണമായ മാരകമായ സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ഡോ. ഉമർ മുഹമ്മദ് ഒരു ‘ഷൂ ബോംബർ’ ആയിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്ത പുതിയ ഫോറൻസിക്, ഭൗതിക തെളിവുകൾ ഡോ. ഉമറിന്റെ i20 കാറിൽനിന്ന് കണ്ടെത്തിയ ഒരു ഷൂവിലേക്കാണ് വിരൽചൂണ്ടുന്നത്. അന്വേഷണസംഘം ഇപ്പോൾ ഇതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. വാഹനത്തിന്റെ വലതുവശത്തെ മുൻ ടയറിനടുത്തുള്ള ഡ്രൈവിംഗ് സീറ്റിനടിയിൽനിന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഷൂ കണ്ടെടുത്തത്. അതിനുള്ളിൽനിന്ന് ലോഹം പോലെയുള്ള ഒരു വസ്തു കണ്ടെടുത്തിട്ടുണ്ട്.ഇതുവരെയുള്ള അന്വേഷണമനുസരിച്ച്, സ്ഫോടനം നടത്താൻ ഉപയോഗിച്ചത് ഈ വസ്തുവാണെന്നാണ് ഉദ്യോഗസ്ഥർ അനുമാനിക്കുന്നത്.

