ന്യൂഡല്‍ഹി: ദേശീയതയുടെയും സൈനിക കരുത്തിന്റെയും വിളംബരവുമായി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. പരേഡിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ഗേറ്റിന് സമീപത്തെ നാഷണല്‍ വാര് മെമ്മോറിയലില്‍ (അമര്‍ ജവാന് ജ്യോതി) വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ചു.
സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്, കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവിക സേന മേധാവി അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ പി. സിംഗ് എന്നിവര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി സൈനികർക്ക് ആദരമര്‍പ്പിച്ചത്.
സൈനികര്‍ക്ക് ആദരം അര്‍പ്പിച്ച ശേഷം വാര് മെമ്മോറിയലിലെ സന്ദര്‍ശക ഗ്യാലറിയിലുള്ള ഡിജിറ്റല്‍ ഡയറിയില്‍ പ്രധാനമന്ത്രി റിപ്പബ്ലിക് ദിന സന്ദേശം രേഖപ്പെടുത്തി. തുടര്‍ന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനൊപ്പം അദ്ദേഹം കര്‍ത്തവ്യ പഥിലേക്ക് തിരിച്ചു.
പ്രധാനമന്ത്രി കര്‍ത്തവ്യ പഥില്‍ എത്തിയതിന് പിന്നാലെ, രാഷ്ട്രപതി ദ്രൗപദി മുര്‍മു മുഖ്യാതിഥികളായ യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയനും, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയ്ക്കും ഒപ്പം കുതിരകളെ പൂട്ടിയ പ്രത്യേക വാഹനത്തിൽ (ബഗ്ഗി) കർത്തവ്യപഥിലേക്ക് എത്തിച്ചേര്‍ന്നു.
90 മിനിറ്റ് നീളുന്ന പരേഡില്‍ 30 നിശ്ചലദൃശ്യങ്ങളാണ് അണിനിരക്കുന്നത്. ‘നൂറ് ശതമാനം ഡിജിറ്റല്‍ സാക്ഷരതയും വാട്ടര്‍ മെട്രോയും’ എന്ന പ്രമേയത്തിൽ കേരളത്തിന്റെ നിശ്ചലദൃശ്യം ശ്രദ്ധയാകര്‍ഷിച്ചു.

