ബെംഗളൂരു: ബെംഗളൂരുവിൽ ഐടി റെയ്ഡിനിടെ സ്വയം വെടിയുതിർത്ത് അന്തരിച്ച കോൺഫിഡൻറ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ സംസ്കാരം ഞായറാഴ്ച നടക്കും. ബന്നാർഘട്ടയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള നേച്ചർ കോൺഫിഡൻറ് കാസ്കേഡിൽ വൈകിട്ട് നാലോടെയാണ് സംസ്കാര ചടങ്ങുകൾ. ഇന്ന് പോസ്റ്റുമോർട്ടം പൂർത്തിയായ ശേഷം ഉച്ചയ്ക്ക് രണ്ട് വരെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ബന്നാർഘട്ടയിൽ സംസ്കരിക്കണമെന്നായിരുന്നു റോയിയുടെ ആഗ്രഹമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
അതേസമയം, പോലീസ് കോൺഫിഡൻറ് ഗ്രൂപ്പിലെ ജീവനക്കാരുടെ മൊഴിയെടുക്കുകയാണ്. ഹലസുരുവിലെ ഹോട്ടലിലേക്ക് വിളിപ്പിച്ചാണ് മൊഴിയെടുക്കുന്നത്. കുടുംബാംഗങ്ങളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.
പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ ഒൻപതോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിലെത്തിക്കും. സഹോദരൻ സി.ജെ. ബാബുവിൻറെ വീട്ടിൽ ഉച്ചയ്ക്ക് ഒന്നുവരെ പൊതുദർശനം ഉണ്ടാകും. തുടർന്നാകും സംസ്കാരം.
ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോൺഫിഡൻറ് ഗ്രൂപ്പ് ഡയറക്ടർ ടി.ജെ. ജോസഫ് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം തുടരുകയാണ്. ഈ സാഹചര്യത്തിൽ കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. കോൺഫിഡൻറ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടെയും മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും. ഡോ. സി.ജെ. റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും. ബെംഗളൂരു സെൻട്രൽ ഡിസിപിക്കാണ് അന്വേഷണ ചുമതല.

