ശബരിമല സ്വർണക്കൊള്ള: സാമ്പിളുകൾ ഭാഭ അറ്റോമിക് റിസർച്ച് സെൻ്ററിൽ പരിശോധിക്കും

  • Home-FINAL
  • India
  • ശബരിമല സ്വർണക്കൊള്ള: സാമ്പിളുകൾ ഭാഭ അറ്റോമിക് റിസർച്ച് സെൻ്ററിൽ പരിശോധിക്കും

ശബരിമല സ്വർണക്കൊള്ള: സാമ്പിളുകൾ ഭാഭ അറ്റോമിക് റിസർച്ച് സെൻ്ററിൽ പരിശോധിക്കും


തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായകമായ ശാസ്ത്രീയ പരിശോധനകൾ നടത്താൻ അനുമതി നൽകി ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. സന്നിധാനത്തെ സ്വർണ്ണപ്പാളികളിൽ വരുത്തിയ മാറ്റങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന് (BARC) കീഴിലുള്ള നാഷണൽ ലാബിലാകും പരിശോധന നടക്കുക. ഇതിനായി ഈ മാസം 12-ന് ശബരിമലയിൽനിന്ന് 12 സാമ്പിളുകൾ ശേഖരിക്കാൻ കോടതി നിർദേശിച്ചു. 1998-ൽ സ്ഥാപിച്ച യഥാർഥ പാളികളാണോ നിലവിലുള്ളത്, അതോ അവ മാറ്റിയ ശേഷം പഴയ ചെമ്പിൽ വീണ്ടും സ്വർണംപൂശി വെച്ചതാണോ എന്ന കാര്യത്തിലാണ് ശാസ്ത്രീയമായ സ്ഥിരീകരണം വേണ്ടത്. നേരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (VSSC) നടത്തിയ പരിശോധനാ ഫലങ്ങളിൽ ശാസ്ത്രജ്ഞരുടെ മൊഴിയും റിപ്പോർട്ടും തമ്മിൽ വൈരുധ്യമുണ്ടായ സാഹചര്യത്തിലാണ് രാജ്യത്തെ ഏറ്റവും മികച്ച ലാബായ ബാർക്കിന്റെ (BARC) സഹായം തേടാൻ കോടതി തീരുമാനിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ 2019 മുതലുള്ള ഫോൺ കോൾ രേഖകൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കോടതി അനുമതി നൽകി. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ രണ്ട് ഫോണുകളിൽനിന്ന് ലഭിച്ച വിവരങ്ങൾ മറ്റ് പ്രതികളുടെ ഫോൺ രേഖകളുമായി ഒത്തുനോക്കും. ഇതിനുപുറമെ, പ്രതികളുടെ കൈയക്ഷര പരിശോധനയ്ക്കും കോടതി അനുമതി നൽകിയിട്ടുണ്ട്. കട്ടിളപ്പാളി, ദ്വാരപാലക പാളികൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ട നാലുപേരുടെ പങ്കാളിത്തം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ എസ്ഐടിക്ക് നിർദേശം ലഭിച്ചു. 2025-ലെ സ്വർണംപൂശൽ നടപടികളുടെ ശാസ്ത്രീയ വശങ്ങളും അന്വേഷണ പരിധിയിൽ വരും.

Leave A Comment