ന്യൂഡൽഹി: ജസ്റ്റിസ് സൂര്യകാന്തിനെ ഇന്ത്യയുടെ 53ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നവംബർ 23ന് നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് വിരമിക്കും. നവംബർ 24ന് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റെടുക്കും. പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമനം കേന്ദ്രനിയമമന്ത്രി അർജുൻ രാം മേഘ്‌വാളാണ് എക്‌സിലൂടെ അറിയിച്ചത്. ഇന്ത്യൻ ഭരണഘടന നൽകിയ അധികാരമനുസരിച്ച് ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചുവെന്ന് അർജുൻ രാം മേഘ്‌വാൾ അറിയിച്ചു. സൂര്യകാന്ത് മിശ്രക്ക് നിയമമന്ത്രി അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
1962 ഫെബ്രുവരി 10 ന് ഹരിയാനയിലെ ഹിസാറിലാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ ജനനം. ഹിസാറിലെ സർക്കാർ കോളജിൽ നിന്ന് ബിരുദം നേടിയശേഷമാണ് അദ്ദേഹം നിയമപഠനത്തിന് പോയത്. 1984ൽ രോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽ നിന്നാണ് നിയമബിരുദം നേടിയത്. തുടർന്ന്ഹിസാർ ജില്ലാകോടതിയിൽ അഭിഭാഷകനായി ജോലി തുടങ്ങി.
1985ൽ ഹരിയാന ഹൈകോടതിയിലേക്ക് മാറി. ഭരണഘടന, സർവീസ്, സിവിൽ വിഷയങ്ങളിൽ അവഗാഹം നേടി. 2000ത്തിൽ ഏറ്റവുംപ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായി.

