ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. വോട്ടർമാരുടെ വോട്ടവകാശം അനുവദിക്കാൻ 11 രേഖകൾ അല്ലെങ്കിൽ ആധാർ കാർഡ് സ്വീകരിക്കാൻ വിഷയത്തിലെ ഒരു ഹരജി പരിഗണിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി നിർദേശിച്ചു. മുഴുവൻ നടപടിക്രമങ്ങളും വോട്ടർ സൗഹൃദപരമായിരിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. ബിഹാർ എസ്.ഐ.ആറിനായി ഇല്ലാതാക്കിയ വോട്ടർമാരുടെ ക്ലെയിമുകൾ ഓഫ്ലൈനായി മാത്രമല്ല, ഓൺലൈനായും സമർപ്പിക്കാൻ തങ്ങൾ അനുവദിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
11 രേഖകളിൽ ഏതെങ്കിലും അല്ലെങ്കിൽ ആധാർ കാർഡ് സഹിതം ആവശ്യമായ ഫോമുകൾ സമർപിക്കുന്നതിന് വോട്ടർമാരെ സഹായിക്കുന്നതിന് ബി.എൽ.എകൾക്ക് (ബൂത്ത് ലെവൽ ഏജന്റുമാർ) പ്രത്യേക നിർദേശങ്ങൾ നൽകണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞു. ഫോമുകൾ സമർപ്പിക്കുന്നിടത്തെല്ലാം ബൂത്ത് ലെവൽ ഓഫിസർമാർ അത് സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിൽ തിരഞ്ഞെടുപ്പ് കമീഷൻ നടത്തിവരുന്ന പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ടാണ് പ്രശ്നം ഉടലെടുത്തത്. ശരിയായ പരിശോധന കൂടാതെയാണ് യഥാർഥ വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കിയതെന്ന് പ്രതിപക്ഷ പാർട്ടികൾ ആശങ്ക ഉന്നയിച്ചിരുന്നു. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് ആവശ്യമായ 11 രേഖകളിൽ ആധാർ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ എസ്.ഐ.ആർ നടപടിക്രമം അന്യായമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ആധാർ മറ്റ് രേഖകളിൽ നിന്ന് വ്യത്യസ്തമായി ഉപയോഗിക്കുന്ന ഒരു രേഖയാണെന്നും അവർ പറഞ്ഞു.

