ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയം ഉൾപ്പടെ പരിഗണിക്കാൻ ഒൻപതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാൻ സുപ്രീംകോടതി ഒരുങ്ങുന്നു. ഈവിഷയം സജീവപരിഗണനയിലാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.ശബരിമല യുവതീപ്രവേശത്തിന് പുറമെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം ഉൾപ്പടെയുള്ളവ ഒൻപതംഗ ബെഞ്ച് പരിഗണിക്കും. യുവതീപ്രവേശന വിഷയം പരിഗണിക്കാൻ 2019ൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിൽ ഒൻപതംഗ ബെഞ്ച് രൂപവത്കരിച്ചിരുന്നു.
2020 ജനുവരി 13ന് വിശാല ബെഞ്ചിൽ വാദം തുടങ്ങിയെങ്കിലും ബെഞ്ചിലുണ്ടായിരുന്ന ഗവായിയും സൂര്യകാന്തും ഒഴികെ മറ്റു ഏഴുപേരും വിരമിച്ചു. ഒൻപതംഗ ബെഞ്ച് പുനഃസംഘടിപ്പിച്ച് വാദം കേൾക്കാൻ ഗവായ് തയ്യാറായില്ല. സൂര്യകാന്ത് ചീഫ് ജസ്റ്റിസ് ആയതോടെയാണ് ബെഞ്ച് വീണ്ടും സജീവമാകാനുള്ള സാദ്ധ്യത തെളിഞ്ഞത്.
2018 സെപ്തംബർ 28നാണ് ശബരിമല യുവതീപ്രവേശനം അനുവദിച്ചുള്ള വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. പിന്നീട് വിഷയം പരിഗണിച്ച അഞ്ചംഗ ബെഞ്ച് ഹർജികൾ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.

