സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ട; നെടുമ്പാശേരിയിൽ പിടിച്ചത് ആറരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്
കൊച്ചി: നെടുമ്പാശേരിയിൽ ആറരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്‌ദുൾ സമദ് പിടിയിലായി. ബാങ്കോക്കിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. ഇന്ന് പുലർച്ചെയെത്തിയ വിമാനത്തിലാണ് ഇയാൾ എത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സംശയം തോന്നിയ കസ്റ്റംസ് ഇയാളുടെ ബാഗ് പരിശോധിക്കുകയായിരുന്നു.ബാഗിൽ ചെറിയ പാക്കറ്റുകളിലായാണ് ആറര കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിയറ്റ്‌നാമിൽ നിന്ന് ബാങ്കോക്കിലെത്തിയതിനുശേഷം അവിടെനിന്നാണ് സമദ് കഞ്ചാവ് കടത്തിയത്. സംസ്ഥാനത്ത് അടുത്തിടെ നടന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവുവേട്ടയാണിത്.
