ഷിംല: ആദ്യ ബഹിരാകാശ യാത്രികൻ ആരാണ്. ഹനുമാനാണെന്നാണ് ബിജെപി എംപി അനുരാഗ് താക്കൂർ പറയുന്നത്. ദേശീയ ബഹിരാകാശ ദിനത്തിൽ ഹിമാചൽ പ്രദേശിലെ പിഎം ശ്രീ സ്‌കൂളിലെ വിദ്യാർത്ഥികളോട് സംവദിക്കവെയാണ് അനുരാഗ് താക്കൂർ ഇക്കാര്യം പറഞ്ഞത്. ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരാണ് എന്നായിരുന്നു അനുരാഗ് താക്കൂർ വിദ്യാർത്ഥികളോട് ചോദിച്ചത്. വിദ്യാർത്ഥികൾ ഒരുമിച്ച് നീൽ ആംസ്ട്രോങ് എന്ന് മറുപടി നൽകി. അപ്പോഴാണ് ആദ്യ ബഹിരാകാശ സഞ്ചാരി ഹനുമാൻ ആണ് എന്നാണ് താൻ കരുതുന്നതെന്ന് അനുരാഗ് താക്കൂർ പറഞ്ഞത്. ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ച് അറിയാൻ പാഠപുസ്തകങ്ങൾക്ക് പുറമേ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹനുമാൻ ജിയാണ് ആദ്യ ബഹിരാകാശ യാത്രികൻ എന്ന അടിക്കുറിപ്പോടെ തന്റെ പ്രസംഗത്തിന്റെ വീഡിയോ അദ്ദേഹം എക്സിൽ പങ്കുവെച്ചിട്ടുമുണ്ട്.
ബഹിരാകാശത്തേക്ക് ആദ്യമായി യാത്ര ചെയ്തത് യൂറി ഗഗാറിനാണ്. ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ആളാണ് നീൽ ആംസ്ട്രോങ്. ‘ബഹിരാകാശത്ത് ആദ്യമായി യാത്ര ചെയ്തത് ആരാണ്? ഞാൻ കരുതുന്നത് അത് ഹനുമാൻ ജി ആണ് എന്നാണ്. നമ്മൾ ഇപ്പോഴും നമ്മളെ തന്നെയാണ് കാണുന്നത്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുളള നമ്മുടെ പാരമ്പര്യം, അറിവ്, സംസ്‌കാരം എന്നിവ അറിയാത്തിടത്തോളം കാലം ബ്രിട്ടീഷുകാർ കാണിച്ചുതന്നത് പോലെ നാം തുടരും. അതിനാൽ നിങ്ങളെല്ലാവരും പാഠപുസ്തകങ്ങൾക്കപ്പുറം നമ്മുടെ രാഷ്ട്രത്തെയും പാരമ്പര്യത്തെയും അറിയണം. അപ്പോൾ നിങ്ങൾക്ക് നിരവധി കാര്യങ്ങൾ കണ്ടെത്താനാകും’- അനുരാഗ് താക്കൂർ പറഞ്ഞു. അതേസമയം, അനുരാഗ് താക്കൂറിന്റെ പരാമർശത്തിനെതിരെ കനിമൊഴി എംപി രംഗത്തെത്തി. വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ വിജ്ഞാനത്തെ തന്നെ അപമാനിക്കുകയാണ് അനുരാഗ് താക്കൂറെന്ന് കനിമൊഴി പറഞ്ഞു. കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നത് ഭരണഘടനയോടുളള അവഹേളനമാണെന്നും ശാസ്ത്രീയ മനോഭാവം വളർത്തണമെന്ന തത്വത്തെ അവഹേളിക്കുകയാണെന്നും കനിമൊഴി എംപി പറഞ്ഞു.

