ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ തമിഴ്നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ചു കൊണ്ടുള്ള വിജയ്യുടെ വീഡിയോയ്ക്ക് പിന്നാലെ തമിഴ്നാട് സർക്കാർ വിശദീകരണവുമായി രംഗത്തെത്തി. റാലി നടത്തുന്നതിനു തമിഴക വെട്രി കഴകം ആദ്യം ആവശ്യപ്പെട്ട സ്ഥലം അമരാവതി നദി പാലവും ഒരു പെട്രോൾ പമ്പും ആയിരുന്നു എന്നാണ് സർക്കാരിന്റെ മീഡിയ സെക്രട്ടറിയും ഐ.എ.എസ് ഉദ്യോഗസ്ഥയുമായ അമുദ വ്യക്തമാക്കി. രണ്ടാമതായി ആവശ്യപ്പെട്ട ഉഴവർ മാർക്കറ്റും ഇടുങ്ങിയതാണ്. ഇവിടെ പരമാവധി അയ്യായിരം ആളുകൾക്ക് മാതരമേ പ്രവേശിക്കാൻ കഴിയൂ. വേലുച്ചാമിപുരം നിർദ്ദേശിച്ചപ്പോൾ എതിർപ്പൊന്നും കൂടാതെ ടി.വി.കെ അത് സ്വീകരിക്കുകയായിരുന്നു. റാലിയിൽ പതിനായിരം പേർ പങ്കെടുക്കുമെന്നാണ് ടി.വി.കെ അറിയിച്ചത്, നേരത്തെ നടത്തിയ റാലികളുടെ അടിസ്ഥാനത്തിൽ ഇരുപതിനായിരം പേർ വരുമെന്ന് കണക്കാക്കി. അതനുസരിച്ചായിരുന്നു സുരക്ഷ. ഓരോ 50 പേർക്കും ഒരു പൊലീസുകാരൻ എന്നതാണെങ്കിലും ഇവിടെ ഓരോ 20 പേർക്കും ഒരു പൊലീസുകാരനെ വിന്യസിച്ചു. വിജയ്യുടെ പ്രചാരണത്തിന് എത്ര പേർ എത്തുമെന്ന് കണക്കാക്കാൻ തമിഴ്നാട് സർക്കാരിനു കഴിഞ്ഞില്ലെന്ന വിമർശനത്തിനാണ് അമുതയുടെ മറുപടി.
ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ച ഒരു ഘട്ടത്തിലൂടെ കടന്നുപോയിട്ടില്ല എന്നാണ് വിജയ് പറഞ്ഞത്. കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട വിഡിയോയിലൂടെ ആയിരുന്നു വിജയ്യുടെ പ്രതികരണം. എത്രയും വേഗം സത്യം പുറത്തുവരും. രാഷ്ട്രീയം തുടരും, ഉടൻ എല്ലാവരെയും കാണും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് കരൂരിൽ തുടരാത്തതെന്നും എന്നായിരുന്നു വിജയ് വീഡിയോയിൽ പറഞ്ഞത്.

