ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകാൻ കോടതി നിർദേശിച്ചു.
സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും. സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് വൈകിപ്പിക്കുന്ന സെൻസർ ബോർഡ് നടപടിക്കെതിരെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് സിനിമ റിലീസിങ്ങിനെ ബാധിച്ചിരുന്നു. ഇത് നിർമാതാക്കൾക്ക് നഷ്ടത്തിനിടയാക്കുകയും ചെയ്തു.
നേരത്തെ, കേസ് പരിഗണിക്കവെ സെൻസർ ബോർഡിന്റെ നടപടികളെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സർട്ടിഫിക്കറ്റ് നൽകാമെന്ന് ഉറപ്പ് നൽകിയശേഷം ചിത്രം പെട്ടന്ന് റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത് എന്തിനാണെന്ന് ഹർജി പരിഗണിച്ച ജസ്റ്റീസ് പി.ടി.ആശ ചോദിച്ചു.
കമ്മിറ്റിയിലെ അംഗം തന്നെ പരാതിക്കാരനാകുന്നത് ശരിയായ പ്രവണതയല്ലെന്നും കോടതി നിരീക്ഷിച്ചു.

