ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്യുടെ സിനിമ കരിയറിലെ അവസാന ചിത്രമായ ജനനായകൻ പൊങ്കലിന് റീലിസിനെത്തുമെന്ന ആരാധകരുടെ പ്രതീക്ഷ പൊലിഞ്ഞു. ചിത്രം റീലീസ് ചെയ്യാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് താൽക്കാലികമായി സ്റ്റേ ചെയ്തതോടെയാണിത്.
ചിത്രത്തിന് യു/ എ സർട്ടിഫിക്കറ്റ് നൽകാൻ നിർദേശിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തത്. കേസ് 21-ന് വീണ്ടും പരിഗണിക്കും. ഇതേ വിഷയത്തിൽ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് വൈകിപ്പിക്കുന്ന സെൻസർ ബോർഡ് നടപടിക്കെതിരെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് സിനിമ റിലീസിങ്ങിനെ ബാധിച്ചിരുന്നു. ഇത് നിർമാതാക്കൾക്ക് നഷ്ടത്തിനിടയാക്കുകയും ചെയ്തു.
നേരത്തെ, കേസ് പരിഗണിക്കവെ സെൻസർ ബോർഡിന്റെ നടപടികളെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സർട്ടിഫിക്കറ്റ് നൽകാമെന്ന് ഉറപ്പ് നൽകിയശേഷം ചിത്രം പെട്ടന്ന് റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത് എന്തിനാണെന്ന് ഹർജി പരിഗണിച്ച ജസ്റ്റീസ് പി.ടി.ആശ ചോദിച്ചു. കമ്മിറ്റിയിലെ അംഗം തന്നെ പരാതിക്കാരനാകുന്നത് ശരിയായ പ്രവണതയല്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.

