ചെന്നൈ: നിയമസഭ തിരഞ്ഞെടുപ്പിൽ പൊതു രാഷ്ട്രീയ ശത്രുവായ ഡി.എം.കെയെ നേരിടാൻ ഒന്നിച്ചുനീങ്ങാമെന്ന ആവശ്യവുമായി അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി (ഇ.പി.എസ്) വിജയ് യെ ഫോണിൽ വിളിച്ചു.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ആശ്വസിപ്പിക്കാനാണ് വിളിച്ചതെങ്കിലും ഡി.എം.കെയെയും സ്റ്റാലിനെയും അധികാരത്തിൽ നിന്നും മാറ്റാൻ ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയും പളനി സ്വാമി വിജയ് യെ ഓർമ്മിപ്പിച്ചു. ജനുവരിയിൽ പൊങ്കൽ ആഘോഷത്തിനുശേഷം തീരുമാനമെടുക്കാമെന്നാണ് അറിയിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ കരൂർ ദുരന്തത്തിൽ ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങളെ കാണുന്നതിനും പ്രചാരണ പര്യടനം പുനരാരംഭിക്കുന്നതിനുമാണ് താൻ പ്രാമുഖ്യം നൽകുന്നതെന്നും വിജയ് വ്യക്തമാക്കി. ഇ.പി.എസുമായി കൂടിക്കാഴ്ച നടത്താമെന്നും വിജയ് ഉറപ്പുനൽകി.

