പട്‌ന: ബിഹാറിലെ സമസ്തിപുരിൽ വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ ഉപേക്ഷിച്ചത് വിവാദം. റോഡരികിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ട വോട്ടർ വെരിഫയബ്ൾ പേപ്പർ ഓഡിറ്റ് ട്രയൽ (VVPAT) സ്ലിപ്പുകൾ ചിതറിക്കിടക്കുന്നതിൻറെ വിഡിയോയാണ് പുറത്തായത്. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളിൽനിന്നുള്ള സ്ലിപ്പുകളാണിതെന്ന് ആർ.ജെ.ഡി ആരോപിച്ചു. എന്നാൽ, ഈ സ്ലിപ്പുകൾ കഴിഞ്ഞ വ്യാഴാഴ്ചത്തെ വോട്ടെടുപ്പിന് മുമ്പ് നടത്തിയ ട്രയൽ (മോക്) പോളിങ്ങിന്റേതാണെന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കുന്നത്.
ട്രയൽ നടത്തിയതിനുശേഷം ബാക്കിവന്ന സ്ലിപ്പുകൾ നീക്കിയിരുന്നുവെന്നും, എന്നാൽ ബാക്കിവന്നതിൽ ചിലത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നും സമസ്തിപുർ ജില്ല മജിസ്ട്രേറ്റ് റോഷൻ കുശ്‌വാഹ പറഞ്ഞു.’ഞങ്ങൾ സ്ഥലം പരിശോധിച്ചു, ഈ സ്ലിപ്പുകൾ മോക്ക് പോളിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി. ചിലത് ശരിയായ രീതിയിൽ നശിപ്പിച്ചിരുന്നില്ല. അതേ സമയം ഇവിഎം നമ്പറുകൾ ഉപയോഗിച്ച് ഉത്തരവാദികളായ പോളിങ് ജീവനക്കാരെ തിരിച്ചറിയാൻ കഴിയുമെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും ജില്ല മജിസ്‌ട്രേറ്റ് പറഞ്ഞു. സ്ഥാനാർഥികളെ സംഭവത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും ഡി.എം കൂട്ടിച്ചേർത്തു. വൈറലായ വിഡിയോയിൽ നാട്ടുകാർ വിവിപാറ്റ് സ്‌ലിപ്പുകൾ എടുക്കുന്നതും പരിശോധിക്കുന്നതും കാണാം.

