തൃശ്ശൂർ സംസ്‌കാരയും ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയും ചേർന്ന് ബഹ്റൈനിൽ തൃശ്ശൂർ പൂരം സംഘടിപ്പിക്കുന്നു. അധാരി പാർക്ക് ഗ്രൗണ്ടിൽ മെയ് 17- ന് ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി 11 വരെയാണ് പൂരം കൊണ്ടാടുന്നത്. പതിവുപോലെ ഈ വർഷവും നാട്ടിൽ നിന്നും പ്രശസ്ത വാദ്യകലാകാരൻ കാഞ്ഞിലശ്ശേരി പത്മനാഭനും സംഘവും പൂരത്തിന്റ മാറ്റുകൂട്ടുന്നതിനായി എത്തിച്ചേർന്നിട്ടുണ്ട്. ബഹറിൻ സോപാനം വാദ്യ കലാസംഘം ഗുരു മേളകലാരത്‌നം സന്തോഷ് കൈലാസിന്റെ നേതൃത്വത്തിൽ 100-ൽപ്പരം വാദ്യകലാകാരന്മാർ ഒന്നിച്ചു സമ്മേളിക്കുന്ന ഈ സിംഫണി കാണികളിൽ ആനന്ദമുയർത്തും എന്നതിൽ സംശയമില്ല.
മുത്തുക്കുടകളും വെഞ്ചാമരവും ആലവട്ടവും നെറ്റിപ്പട്ടവുമായി ഇരുവിഭാഗങ്ങളിലുമായി 10 ഫൈബർ നിർമ്മിതഗജവീരന്മാർ അണിനിരക്കുമ്പോൾ സാക്ഷാൽ തൃശ്ശൂർ പൂരത്തിന്റെ ഒരു പരിച്ഛേദം തന്നെ ആയിരിക്കും ഒരുങ്ങുക. മാനവരാശിയുടെതന്നെ സഹവർത്തിത്വത്തിന്റെ ഉത്തമ ഉദാഹരണമായിട്ടാണ് ഈ പൂരത്തെ കണക്കാക്കുന്നത് യുനെസ്കോവിന്റെ പൗരാണിക ശേഷിപ്പുകളിൽ ഇടംപിടിച്ചിട്ടുള്ള ഈ അമ്പലവും അതിന്റെ ആചാരമര്യാദകളും ഇന്നും നിലനിർത്തിപ്പോരുന്ന ഈ ആഘോഷം , പവിഴ ദ്വീപിലെ മലയാളിസമൂഹത്തിന് അനുഭവവേദ്യമാക്കാൻ സംസ്‌കാരയുടെ അംഗങ്ങൾ അശ്രാന്തപരിശ്രമത്തിലാണ്.
പൂരത്തോടനുബന്ധിച്ച് പലവിധ വാണിഭങ്ങളും ഒരുങ്ങുന്നുണ്ട്. കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ, കാവടിയാട്ടം, ചെറുപൂരങ്ങൾ,മഠത്തിൽവരവ് പഞ്ചവാദ്യം,ഇലഞ്ഞിത്തറ മേളം, ഇരുന്നൂറിൽ പരം വർണകുടകളുമായി തിരുവമ്പാടി,പാറമേക്കാവ് വിഭാഗക്കാരുടെ കുടമാറ്റം എന്നിവയും ഒരുങ്ങുന്നു. പൂരം അവസാനിക്കുന്നത് ഡിജിറ്റൽ വെടിക്കെട്ടോടുകൂടിയായിരിക്കും.
പൂരം അരങ്ങേറാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ഒരുക്കങ്ങൾ ധൃത ഗതിയിൽ പൂർത്തിയായി കൊണ്ടിരിക്കുകയാണെന്ന് തൃശൂർ സംസ്ക്കാര ഭാരവാഹികൾ അറിയിച്ചു. തൃശ്ശൂർ സംസ്കാര ബി.എം സി യോട് ചേർന്നൊരുക്കുന്ന ഈ പൂരാഘോഷത്തിൽ പങ്കെടുക്കുവാനും ഈ ഉദ്യമത്തെ വിജയിപ്പിക്കുവാനും ബഹ്‌റൈനിലുള്ള ഓരോ മലയാളികളോടും അഭ്യർത്ഥിക്കുന്നതായും., ഏവർക്കും പ്രവേശനം സൗജന്യമായിരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു..
സംസ്‌കാര നടത്തുന്ന അഞ്ചാമത്തെ പൂരാഘോഷമാണ് ഇത്തവണത്തേത്.