അടൂർ വടക്കടത്ത് കാവിൽ 12000 ലിറ്റർ പെട്രോൾ ഇന്ധനം കയറ്റി വന്ന ടാങ്കർ മറിഞ്ഞു. ടാങ്കറിൻ്റെ മുകൾ ഭാഗത്തുള്ള അടപ്പുകളിൽ നിന്നും ഇന്ധനം ലീക്ക് ചെയ്യുന്നുണ്ട്.12000 ലിറ്റർ പെട്രോൾ ആണ് ലീക്ക് ചെയ്യുന്നത്. അതിനാൽ ഒരു കിലോ മീറ്റർ ചുറ്റളവിൽ ഉള്ള സ്ഥലം അപകടമേഖലയായി പ്രഖ്യാച്ചിട്ടുണ്ട്. മറിഞ്ഞ് കിടക്കുന്ന ഭാഗത്ത് നിന്നും ഇന്ധനം ചോരുന്നുണ്ടോ എന്നതിൽ വ്യക്തതയില്ല. ടാങ്കിലേക്ക് ഫോം പമ്പ് ചെയ്ത് തീ പിടുത്ത സാധ്യത ഒഴിവാക്കാൻ ഉള്ള ശ്രമങ്ങൾ ഫയർ ഫോഴ്സ് ചെയ്യുന്നുണ്ട്.
IOC യുമായി ബന്ധപ്പെട്ട് പകരം വാഹനം എത്തിച്ച് ഇന്ധനം അതിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. കൊല്ലം പാരിപ്പള്ളി യിലെ IOC ബോട്ടിലിംഗ് പ്ലാന്റ്-ൽ നിന്നും എമർജൻസി റെസ്ക്യൂ വാഹനവും ഇന്ധനം മാറ്റുന്നതിനുള്ള വാഹനവും ഉടൻ സ്ഥലത്ത് എത്തിച്ചേരും. കെ.എസ്.ഇ.ബി യുമായി ബന്ധപ്പെട്ട് സ്ഥലത്തെ വൈദ്യുതി ബന്ധം വിശ്ചേദിച്ചിട്ടുണ്ട്. പോലീസിൻ്റെ സഹായത്തോടെ ഒരു കിലോ മീറ്റർ ചുറ്റളവിൽ ആളുകളെ ഒഴിപ്പിച്ചു.
പത്തനംതിട്ട ജില്ലാ ഫയർ ഓഫിസറുടെ നേതൃത്വത്തിൽ അടൂർ, പത്തനംതിട്ട, കൊട്ടാരക്കര നിലയങ്ങളിൽ നിന്നും സേന എത്തി രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. അടൂർ സിവിൽ ഡിഫൻസ് ടീമും സ്ഥലത്ത് ഉണ്ട്. സ്റ്റേഷൻ ഹൗസ് ഓഫിസറുടെ നേതൃത്വത്തിൽ ഉള്ള അടൂർ, ഏനാത്ത് പോലീസ് സംഘവും സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. അപകടത്തെ തുടർന്ന് എം സി റോഡിലൂടെ ഉള്ള ഗതാഗതം വഴി തിരിച്ചു വിട്ടു.