കൊല്‍ക്കത്ത: മുന്‍ ഐ.എ.എസ് ഓഫിസറും മലയാളിയുമായ ഡോ. സി.വി. ആനന്ദബോസ് പശ്ചിമ ബംഗാള്‍ ഗവര്‍ണറായി ചുമതലയേറ്റു.ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായ ഒഴിവിലാണ് നിയമനം. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മറ്റ് സംസ്ഥാന മന്ത്രിമാര്‍, സ്പീക്കര്‍ ബിമന്‍ ബാനര്‍ജി എന്നിവരുടെ സാന്നിധ്യത്തില്‍ കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ സത്യവാചകം ചൊല്ലിക്കൊടുത്തു.മുന്‍ ഗവര്‍ണ്ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. മേഘാലയ സര്‍ക്കാറിന്‍റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്നു സി.വി. ആനന്ദബോസ്. 2019ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.1951 ജനുവരി രണ്ടിന് കോട്ടയം മാന്നാനത്താണ് ജനനം. ജില്ല കലക്ടര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്. യു.എന്‍ ഉള്‍പ്പെടെയുള്ള വിവിധ അന്തര്‍ദേശീയ സംഘടനകളില്‍ ഉപദേഷ്ടാവായിരുന്നു.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധികള്‍ സംബന്ധിച്ച സുപ്രീം കോടതി സമിതിയുടെ തലവന്‍ ഡോ. സി.വി. ആനന്ദബോസായിരുന്നു. നോവലുകള്‍, ചെറുകഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി 32 പുസ്തകങ്ങള്‍ ബോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്