ന്യൂഡല്‍ഹി: 2023 ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദേ ഫത്താഫ് അല്‍ സിസി മുഖ്യാതിഥിയാകും. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് ഒരു ഈജിപ്ത് പ്രസിഡന്റ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യതിഥിയായി പങ്കെടുക്കുന്നത്.റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണക്കത്ത്, കഴിഞ്ഞമാസം നടത്തിയ കെയ്‌റോ യാത്രക്കിടെ വിദേശകാര്യമന്ത്രി ഈജിപ്ഷ്യന്‍ പ്രസിഡന്റിന് കൈമാറിയിരുന്നു. മോദിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് അല്‍സിസിയുടെ അറിയിപ്പു ലഭിച്ചതായും വിദേശകാര്യമന്ത്രാലയം സൂചിപ്പിച്ചു.
ഇന്ത്യയും ഈജിപ്തും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാര്‍ഷികം ഈ വര്‍ഷം ആഘോഷിക്കുകയാണ്. ഈ വേളയിലാണ് അല്‍സിസി മുഖ്യാതിഥിയായി എത്തുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് മഹാമാരി മൂലം 2021 ലും 2022 ലും ഇന്ത്യ റിപ്പബ്ലിക് ദിനാഘോഷത്തിന് മുഖ്യതിഥിയെ ക്ഷണിച്ചിരുന്നില്ല.