റിയാദ്: ഖത്തർ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തിന് സൗദി വിലക്കേര്‍പ്പെടുത്തിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധം.
ടോഡ്.ടിവി എന്ന മൊബൈല്‍ ആപ്പ് വഴിയുള്ള ഓണ്‍ലൈന്‍ സ്ട്രീമിംഗ് മാത്രമാണ് തടസ്സപ്പെടുന്നത്. ഇതിന് സര്‍ക്കാര്‍ അനുമതിയില്ലാത്തതാണ് തടസ്സപ്പെടാന്‍ കാരണമെന്നാണ് അറിയുന്നത്. ടോഡ്.ടിവി എന്ന സ്ട്രീമിംഗ് പ്ലാറ്റ് ഫോമിന്റെ ഉടമകള്‍ ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക സംപ്രേഷണ അനുമതിയുള്ള ബിഇന്‍ സ്‌പോര്‍ട്‌സ് തന്നെയാണ്.
എന്നാല്‍ ബിഇന്‍ സ്‌പോര്‍ട്‌സോ സഊദി അധികൃതരോ ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും നല്‍കിയിട്ടില്ല.
സഊദി അറേബ്യയില്‍ ബിഇന്‍ സ്‌പോര്‍ട്‌സിലൂടെയുള്ള ലൈവ് സംപ്രേഷണം കൃത്യമായി ലഭിക്കുന്നുണ്ട്. പബ്ലിക് സ്‌ക്രീനുകളിലടക്കം ഇത് ഔദ്യോഗികമായി തന്നെ സൗദി അറേബ്യന്‍ അധികൃതരുടെ നേതൃത്വത്തില്‍ കളികള്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.
ലോകകപ്പ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ ടോഡ്.ടിവിയുടെ സ്ട്രീമിംഗ് മുടങ്ങിയിരുന്നു. എന്നാല്‍ പോളണ്ടിനെതിരെ സൗദി തോറ്റതോടെയാണ് സംപ്രേഷണം തടഞ്ഞത് എന്ന റിപ്പോര്‍ട്ടുകളാണ് ചില മാധ്യമങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.