കോട്ടയം: കോട്ടയം ജില്ലയിലെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്ന വിവരം ഡി.സി.സിയെ അറിയിച്ചില്ലെന്ന വാദം തള്ളി ശശി തരൂര്‍ എം.പി.കോട്ടയം ഡി.സി.സി അധ്യക്ഷനെ തന്‍റെ ഓഫിസില്‍ നിന്ന് വിളിച്ചിരുന്നതായി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. പാര്‍ട്ടിയില്‍ നിന്ന് ആരും പരിപാടിയെ കുറിച്ച് തന്നോട് ആശയവിനിമയം നടത്തിയിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി.കഴിഞ്ഞ രണ്ട് മാസമായി നേതാക്കളുടെ മനോഭാവത്തില്‍ മാറ്റം വന്നു. എന്തുകൊണ്ടാണ് മാറ്റം വന്നതെന്ന് അറിയില്ല. ആരെയും ഭയമില്ലെന്നും ആരും തന്നെ ഭയപ്പെടേണ്ടെന്നും തരൂര്‍ പറഞ്ഞു. തന്‍റെ മനസ് തുറന്ന പുസ്തകമാണെന്നും ഒന്നും ഒളിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കുന്നതിനോട് യോജിപ്പില്ല. കോടികള്‍ ചെലവാക്കിയ പദ്ധതിയാണ്. വിഴിഞ്ഞത്ത് വാഗ്ദാനങ്ങള്‍ പലതും സര്‍ക്കാര്‍ പാലിച്ചിട്ടില്ല. കേള്‍ക്കുന്നത് ദുഃഖമുണ്ടാക്കുന്ന കാര്യങ്ങളാണ്. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഉറപ്പ് നല്‍കണം.മത്സ്യത്തൊഴിലാളികള്‍ വികസന വിരുദ്ധരോ ദേശവിരുദ്ധരോ അല്ല. വിഴിഞ്ഞത്ത് കേന്ദ്രസേന വരുന്നത് ഗുണം ചെയ്യില്ലെന്നും തരൂര്‍ വ്യക്തമാക്കി.