തിരുവനന്തപുരം: നടന്‍ കൊച്ചുപ്രമേന്‍ (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കവേയാണ് അന്ത്യം. നാടകരംഗത്തിലൂടെ സിനിമയിലെത്തി പ്രതിഭ തെളിയിച്ച കലാകാരനാരുന്നു കൊച്ചുപ്രേമന്‍.കെ.എസ്.പ്രേംകുമാര്‍ എന്നതാണ് ശരിയായ പേര്.1979ല്‍ റിലീസായ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് കൊച്ചുപ്രേമന്റെ ആദ്യ സിനിമ. പിന്നീട് 1997ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിച്ച കൊച്ചുപ്രേമന്‍ രാജസേനനൊപ്പം എട്ടു സിനിമകള്‍ ചെയ്തു. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ 1997ല്‍ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സിനിമയില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയത്.കോമഡി റോളുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താന്‍ എന്ന് തെളിയിച്ചത് 1997ല്‍ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്. ജയരാജ് സംവിധാനം ചെയ്ത് 2003ല്‍ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടര്‍ന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമന്‍ മാറി. രഞ്ജിത്ത് സംവിധാനം ചെയ്ത് 2016ല്‍ റിലീസായ ലീല എന്ന ചിത്രത്തില്‍ കൊച്ചുപ്രേമന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. പക്ഷേ ആ വിമര്‍ശനങ്ങളെ കൊച്ചുപ്രേമന്‍ കാണുന്നത് അദ്ദേഹത്തിലെ നടന് പ്രേക്ഷകര്‍ നല്‍കിയ അംഗീകാരമായിട്ടാണ്.മലയാള സിനിമയിലിതു വരെ 250 ചിത്രങ്ങളില്‍ വേഷമിട്ട കൊച്ചുപ്രേമന്‍ സിനിമ കൂടാതെ ടെലിസീരിയലുകളിലും സജീവമാണ്.
തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ പഞ്ചായത്തില്‍ പേയാട് എന്ന ഗ്രാമത്തില്‍ ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായി 1955 ജൂണ്‍ ഒന്നിനാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളില്‍ പൂര്‍ത്തിയാക്കിയ കൊച്ചുപ്രേമന്‍ തിരുവനന്തപുരം എം.ജി. കോളേജില്‍ നിന്ന് ബിരുദം നേടി. സിനിമ- സീരിയല്‍ നടി ഗിരിജ പ്രേമന്‍ ആണ് ഭാര്യ. മകന്‍- ഹരികൃഷ്ണന്‍എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. അത് വിജയകരമായതിനെ തുടര്‍ന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകള്‍ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങള്‍ സംപ്രേക്ഷണം ചെയ്തത്. സ്‌കൂള്‍ പഠനത്തിനു ശേഷം നാടകത്തെ ഗൗരവമായി കാണാന്‍ തുടങ്ങിയത് തിരുവനന്തപുരം കവിത സ്‌റ്റേജിനു വേണ്ടി ജഗതി എന്‍.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തില്‍ അഭിനയിച്ചതോടെയാണ്. ധാരാളം ആരാധകരെ സൃഷ്ടിച്ച കൊച്ചുപ്രേമന്റെ പ്രശസ്തമായ നാടകങ്ങളാണ് കേരള തീയേറ്റേഴ്‌സിന്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാള്‍, ഇന്ദുലേഖ, രാജന്‍.പി.ദേവിന്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നിവ.