നവലോക നിർമിതിയിൽ സ്​ത്രീകളുടെ പങ്ക്” ഫ്രണ്ട്‌സ് വനിതാ സമ്മേളനം ഡിസംബർ 30ന്

  • Home-FINAL
  • Business & Strategy
  • നവലോക നിർമിതിയിൽ സ്​ത്രീകളുടെ പങ്ക്” ഫ്രണ്ട്‌സ് വനിതാ സമ്മേളനം ഡിസംബർ 30ന്

നവലോക നിർമിതിയിൽ സ്​ത്രീകളുടെ പങ്ക്” ഫ്രണ്ട്‌സ് വനിതാ സമ്മേളനം ഡിസംബർ 30ന്


മനാമ : “നവലോക‌ നിർമിതിയിൽ സ്ത്രീകളുടെ പങ്ക്” എന്ന വിഷയത്തിൽ ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം ​സംഘടിപ്പിക്കുന്ന സമ്മേളനം ഡിസംബർ 30 വെള്ളിയാഴ്ച നടക്കും. മുഹറഖ് അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റും ട്വീറ്റിന്റെ ( വിമൻ എഡ്യൂക്കേഷൻ & എംപവർമെൻറ് ട്രസ്റ്റ്) ചെയർപേഴ്‌സനുമായ എ. റഹ്മത്തുന്നിസ ടീച്ചർ മുഖ്യ അതിഥിയായി പങ്കെടുക്കും.ലോകത്തിന്റെ വളർച്ചയിൽ പുരുഷന്മാരെ പോലെ തന്നെ  പങ്ക്‌ വഹിച്ചുകൊണ്ടിരിക്കുന്നവരാണ്​ സ്ത്രീകളും. സാമൂഹിക – നാഗരിക മേഖലയുടെ എല്ലാ തലത്തിലും അവർ നൽകി കൊണ്ടിരിക്കുന്ന സംഭാവനകൾ ശ്രദ്ധേയമാണ്. സ്ത്രീയുടെ മഹത്വവും പദവിയും അറിഞ്ഞു വളരുന്ന തലമുറയാണ് ഇന്നിന്റെ ആവശ്യം. കമ്പോളത്തിൽ ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള പരസ്യങ്ങളിലെ അഭിനേതാവ് മാത്രമായി ചുരുക്കപ്പെടാനുള്ളവളല്ല അവൾ. ആദരിക്കപ്പെടേണ്ടവളും അംഗീകരിക്കപ്പെടേണ്ടവളുമാണ് സ്ത്രീ. തലമുറകളുടെ വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ചു കൊണ്ടിരിക്കുന്നവരാണ് അവർ. ആത്മാഭിമാനത്തോടെയും അഹംബോധത്തോടെയും സമൂഹത്തെ മുന്നിൽ നിന്ന് നയിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കേണ്ടതുമുണ്ട്. എന്നാൽ പലയിടങ്ങളിലും അവളിന്ന് അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. ജോലിയിടങ്ങളിലും, വീട്ടകങ്ങളിലും, പൊതുയിടങ്ങളിലും അവൾ നിരന്തരം അവഹേളനത്തിനും അവഗണക്കും വിധേയമാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഇതിനെ മറികടക്കാൻ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും നിതാന്തമായ കരുതലുണ്ടാവണം. ​ അതോടൊപ്പം സമൂഹത്തിൽ മൂല്യങ്ങളും നന്മകളും പ്രസരിപ്പിക്കുന്നവരാണ് തങ്ങളെന്ന ബോധവും സ്​ത്രീകൾക്കുണ്ടാകണം.​ നന്മ, ദയ, വിനയം, സഹാനുഭൂതി, കരുണ, സത്യസന്ധത ​പോലുള്ള മൂല്യങ്ങളുടെ വാഹകരാകാൻ എല്ലാവർക്കും സാധിക്കണം. സമൂഹത്തിൽ മാന്യതയും അംഗീകാരവും ലഭിക്കുന്ന ആകർഷകമായ വ്യക്തിത്വത്തിന്റെ ഉടമയാകാനും അവൾ പരിശ്രമിക്കണം. സ്ത്രീ പക്ഷത്തു നിന്നുകൊണ്ടുള്ള ക്രിയാത്മകമായ ഒരു ചർച്ച ബഹ്‌റൈൻ പ്രവാസഭൂമികയിൽ ഉയർത്തിവിടുക എന്നതാണ് ഈ സമ്മേളനം കൊണ്ട് അർത്ഥമാക്കുന്നത്.
സമ്മേളനത്തിന്റെ ഭാഗമായി ബഹ്‌റൈനിൽ വ്യത്യസ്തവും വിവിധങ്ങളുമായ പരിപാടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനകം സമ്മേളന പ്രമേയം വിശദീകരിക്കുന്ന ആയിരക്കണക്കിന് ലഘുലേഖകൾ വിതരണം ചെയ്തു കഴിഞ്ഞു. റിഫ , മുഹറഖ്, മനാമ എന്നീ മൂന്ന് ഏരിയകളിലും വിവിധ കലാ, സാഹിത്യ, പാചക മത്സരങ്ങൾ സംഘടിപ്പിച്ചു. ഈ പരിപാടികളിൽ സ്ത്രീകളുടെ വലിയ പങ്കാളിത്തമാണ് അനുഭവപ്പെട്ടത്. ഫ്‌ളാറ്റികളും വില്ലകളും കേന്ദ്രീകരിച്ചു നടന്ന സംഗമങ്ങളിൽ കേന്ദ്ര നേതാക്കൾ പ്രമേയം വിശദീകരിച്ചു. ഇതിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നല്ല ജനപങ്കാളിത്തം ഉണ്ടായിരുന്നു. ടീൻസ് പ്രായത്തിലുള്ള പെൺകുട്ടികൾക്ക് വേണ്ടിയും വ്യത്യസ്‌തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തങ്ങളും സ്‌ത്രീകൾ തന്നെയാണ് നടത്തുന്നതെന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്. സ്ത്രീകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അന്നേ ദിവസം ഉണ്ടാവും.
സമ്മേളനപരിപാടികൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ്, ജനറൽ സെക്രട്ടറി ഷൈമില നൗഫൽ, സെക്രട്ടറി നദീറ ഷാജി, സമ്മേളന ജനറൽ കൺവീനർ സൗദ പേരാമ്പ്ര, കൺവീനർ സലീന ജമാൽ, പ്രചരണ വകുപ്പ് കൺവീനർ റഷീദ സുബൈർ, ഏരിയാ പ്രെസിഡന്റുമാരായ സമീറ നൗഷാദ് , ഷെബി ഫൈസൽ, ഫാത്തിമ സ്വാലിഹ് തുടങ്ങിയവർ പങ്കെടുത്തു.

Leave A Comment