സൗദിയില്‍ ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ ബുക്കിംഗ് ആരംഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 4 പാക്കേജുകളാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പാക്കേജുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിര്‍ദേശങ്ങളും മന്ത്രാലയം പ്രഖ്യാപിച്ചു. . ഹജ്ജിന് ഉദ്ദേശിക്കുന്ന സൗദിയിലുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും മന്ത്രാലയത്തിന്റെ https://localhaj.haj.gov.sa/ എന്ന വെബ്സൈറ്റ് വഴിയോ നുസുക് ആപ്പ് വഴിയോ രജിസ്റ്റര്‍ ചെയ്യാം. 4 പാക്കേജുകളാണ് മന്ത്രാലയം തയാറാക്കിയിട്ടുള്ളത്. ഒന്നാമത്തെ പാക്കേജില്‍ 10596 മുതല്‍ 11841 വരെ റിയാലാണ് ഈടാക്കുന്നത്. 8092 റിയാല്‍ മുതല്‍ 8458 റിയാല്‍ വരെയാണ് രണ്ടാമത്തെ പാക്കേജ് നിരക്ക്. മിനാ ടവറില്‍ താമസ സൗകര്യമുള്ള മൂന്നാമത്തെ പാക്കേജ് നിരക്ക് 13,150 റിയാലാണ്. ചിലവ് കുറഞ്ഞ നാലാമത്തെ പാക്കേജ് നിരക്ക് 3984 റിയാലാണ്. വാറ്റ് ഉള്‍പ്പെടെയുള്ള നിരക്കാണ് ഇത്.നിരക്കിലെ വ്യത്യാസത്തിനനുസരിച്ച് സേവനങ്ങളിലും സൗകര്യങ്ങളിലും മാറ്റമുണ്ടാകും. അപേക്ഷകന്റെ ചുരുങ്ങിയ പ്രായം 12 വയസായി നിജപ്പെടുത്തിയിട്ടുണ്ട്. മുമ്പ് ഹജ്ജ് നിര്‍വഹിക്കാത്തവര്‍ക്ക് മുന്‍ഗണന നല്‍കും. എന്നാല്‍ വനിതാ തീര്‍ഥാടകരെ അനുഗമിക്കുന്ന മഹ്റം ആയ പുരുഷന് ഇത് ബാധകമല്ല. അപേക്ഷകന് കാലാവധിയുള്ള ഇഖാമ ഉണ്ടായിരിക്കണം. ഒരു അപേക്ഷയില്‍ 13 പേരെ വരെ ചേര്‍ക്കാം. അപേക്ഷകര്‍ കോവിഡ് വാക്സിനും സീസണല്‍ ഇന്‍ഫ്ലുവന്‍സ വാക്സിനും വെക്കണം. ഒരു മൊബൈല്‍ നമ്പറില്‍ ഒരു അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ. അംഗീകൃത ഏജന്‍സികള്‍ വഴി മാത്രമേ ഹജ്ജ് നിര്‍വഹിക്കാവൂ എന്നും മന്ത്രാലയം തീര്‍ഥാടകരെ ഓര്‍മിപ്പിച്ചു.