കോഴിക്കോട് : 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. സ്വര്‍ണ്ണകപ്പിനായുള്ള നിര്‍ണ്ണായക പോരില്‍ ഇന്നലെ കണ്ണൂരിനെ പിന്തള്ളി ആതിഥേയരായ കോഴിക്കോട് മുന്നിലെത്തി. 808 പോയിന്റുമായി കോഴിക്കോട് മുന്നിലെത്തിയപ്പോള്‍ കണ്ണൂരിന് 802 പോയിന്റാണ്. അവസാന ലാപ്പില്‍ മത്സരങ്ങള്‍ക്ക് വീറും വാശിയുമേറി. തുടക്കം മുതലേ മുന്നേറ്റം തുടര്‍ന്ന കണ്ണൂരിന് നാലാം ദിനത്തില്‍ കാലിടറി. സ്കൂൾ തലത്തിൽ പാലക്കാട് ഗുരുകുലം സ്കൂൾ 149 പോയിൻ്റുമായി മുന്നിലാണ്. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് എച്ച് എസ് എസ്സാണ് 142 പോയിൻ്റുമായി രണ്ടാമത്. 103 പോയിൻ്റുള്ള കണ്ണൂർ സെൻ്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് ആണ് മൂന്നാം സ്ഥാനത്ത് ആകെയുടെ 239 ൽ 228 ഇനങ്ങളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഹൈസ്കൂള്‍ ജനറല്‍ വിഭാഗത്തില്‍ 96ല്‍ 91ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 100, ഹൈസ്കൂള്‍ അറബിക് – 19ല്‍ 19, ഹൈസ്കൂള്‍ സംസ്കൃതം – 19ല്‍ 18ഉം ഇനങ്ങളാണ് പൂര്‍ത്തിയായത്. അവസാന ദിനമായ ഇന്ന് 11 മത്സരങ്ങളാണ് നടക്കുന്നത്. ഹയർസെക്കൻ്ററി, ഹൈസ്കൂൾ വിഭാഗം നാടോടിനൃത്തം, ടിപ്പിൾ/ജാസ് പരിചമുട്ട് കളി, ചെണ്ടമേളം.. തുടങ്ങിയ ഇനങ്ങൾ വേദിയിലെത്തും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഗായിക കെ എസ് ചിത്ര മുഖ്യാതിഥിയാകും.
അതെസമയം ഇന്നലെ കലോത്സവത്തിൽ കോടതി അപ്പീലുമായെത്തിയ 100 ഓളം വിദ്യാർത്ഥികളുടെ മത്സരഫലം സംഘാടകര്‍ തടഞ്ഞു. ഹൈക്കോടതി നിർദേശപ്രകാരമാണ് തീരുമാനമെന്ന് സംഘാടകർ പറയുന്നത്. ഇനി കോടതി ഇടപെടലുണ്ടായി ഫലം പ്രഖ്യാപിച്ചാലും ഓവർ ഓൾ പോയന്റിൽ ഉൾപ്പെടില്ല. ഇതാദ്യമായാണ് കോടതി അപ്പീലുമയി വരുന്നവരുടെ മത്സരഫലം തടയുന്നത്.