സർക്കാർ പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുന്ന പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന കാര്യത്തിൽ ഹൃദയവിശാലത വേണമെന്നും നാടിനോട് പ്രതിബദ്ധത ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൊച്ചിയിൽ പറഞ്ഞു.വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംരഭക മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. നാടിന്റെ വികസനകാര്യങ്ങളിൽ എല്ലാവരും ഒപ്പം നിൽക്കണം. സർക്കാർ ആരേയും മാറ്റി നിർത്തിയിട്ടില്ല. പ്രതിപക്ഷം വികസന സംഗമത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ശരിയായിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളം വ്യവസായ സൗഹൃദമല്ല എന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടിയാണ് സംരഭക മഹാസമ്മേളനം. വ്യവസായ രംഗത്ത് കേരളം രാജ്യത്തിനാകെ മാതൃകയാണ്. സംരംഭകത്വ സംഗമം ചിലരുടെ കുപ്രചരണങ്ങൾക്കുള്ള മറുപടിയാണ്. പരിപാടിയിൽ നിന്ന് ആരേയും മാറ്റിനിർത്താനുള്ള ഒരാലോചനയും ഉണ്ടായിട്ടില്ല. പക്ഷേ നമുക്ക് ഒന്നിച്ച് നിൽക്കാനാകുന്നില്ല. ഇത് നമ്മുടെ നാടിന്റെ ഒരു ദൗർഭാഗ്യകരമായ അവസ്ഥയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.