2027ലെ എഎഫ്സി ഏഷ്യൻ കപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ നടന്ന മുപ്പത്തിമൂന്നാമത് എഫ്.എഫ്.സി ജനറൽ അസംബ്ലിയിലാണ് തീരുമാനം. ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫയാണ് തീരുമാനം പ്രഖ്യാപിച്ചത്.2027ലെ എഎഫ്സി ഏഷ്യൻ കപ്പിന് ആതിഥേയരായി തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രമുഹൂർത്തമാണെന്ന് സൗദി അറേബ്യയുടെ കായിക മന്ത്രിയും ഒളിമ്പിക് – പാരാലിമ്പിക് കമ്മിറ്റിയുടെ ചെയർമാനുമായ എച്ച്ആർഎച്ച് പ്രിൻസ് അബ്ദുൾ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പറഞ്ഞു. രാജ്യത്തിന്റെ കായിക മേഖലക്ക് കൂടുതൽ ആവേശവും അഭിമാനവും നൽകുന്ന നിമിഷമാണ്. ഏഷ്യൻ ഫുട്ബോളിന്റെ നല്ല ദിനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. അതിനാൽ, ഈ ടൂർണമെന്റ് ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിക്കും. ടൂർണമെന്റ് കാണാൻ ഏഷ്യയിൽ നിന്നും ലോകമെമ്പാടുനിന്നുമുള്ള ആരാധകരെ ഞങ്ങൾ സ്വാഗതം ചെയ്യും എന്ന് അദ്ദേഹം വ്യക്തമാക്കി. സൗദിയോടൊപ്പം ടൂർണമെന്റിന്റെ നടത്തിപ്പവകാശത്തിന് വേണ്ടി ഉസ്ബെക്കിസ്താനും ഇന്ത്യയും ഖത്തറും ശ്രമിച്ചിരുന്നു .ഏഷ്യൻ ഫുട്ബോളിൽ മുൻ നിരയിലേക്ക് കടന്നു വരൻ ആഗ്രഹിക്കുന്ന സൗദി അറേബ്യക്ക് സുവർണാവസരമാണ് ഈ ടൂർണമെന്റ്. കഴിഞ്ഞ 2022 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനക്ക് എതിരെ നേടിയ അട്ടിമറി വിജയത്തിലൂടെ ലോക ഫുട്ബോൾ ആരാധരുടെ ശ്രദ്ധ രാജ്യം ആകർഷിച്ചിരുന്നു. കൂടാതെ, കരിയറിൽ അഞ്ച് ബാലൺഡോറുകൾ നേടിയ സൂപ്പർ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ലീഗിലേക്ക് എത്തിക്കാനും രാജ്യത്തിന് സാധിച്ചിട്ടുണ്ട്.