ന്യൂസീലൻഡിനെതിരായ അവസാന ടി-20 മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 234 റൺസ് നേടി. ടി-20 കരിയറിലെ ആദ്യ സെഞ്ചുറി കുറിച്ച ശുഭ്മൻ ഗില്ലാണ് (126 നോട്ടൗട്ട്) ഇന്ത്യയെ വമ്പൻ സ്കോറിലേക്ക് എത്തിച്ചത് . രാഹുൽ ത്രിപാഠി എന്നിവരും ഇന്ത്യക്കായി തിളങ്ങി. ടി-20യിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത് .ഇഷാൻ കിഷനെ (1) വേഗം നഷ്ടമായെങ്കിലും ആദ്യ പന്ത് മുതൽ ആക്രമണം അഴിച്ചുവിട്ട രാഹുൽ ത്രിപാഠിയും ടി-20 യുടെ വേഗതയിലേക്ക് സാവധാനത്തിൽ എത്തിച്ചേർന്ന ശുഭ്മൻ ഗില്ലും ചേർന്ന് ന്യൂസീലൻഡ് ബൗളർമാരെ തല്ലിച്ചതച്ചു. 80 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിനൊടുവിൽ ത്രിപാഠി മടങ്ങി. 4 ബൗണ്ടറിയും മൂന്ന് സിക്സറും സഹിതമായിരുന്നു ത്രിപാഠിയുടെ ഇന്നിംഗ്സ്. 13 പന്തിൽ ഒരു ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 24 റൺസെടുത്ത് മടങ്ങുമ്പോഴേക്കും സൂര്യ മൂന്നാം വിക്കറ്റിൽ ഗില്ലുമൊത്ത് 38 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളി ആയിരുന്നു. 35 പന്തിൽ ഗിൽ തൻ്റെ കന്നി ടി-20 ഫിഫ്റ്റിയിലെത്തി. ഫിഫ്റ്റിക്ക് ശേഷം ഗിൽ 54 പന്തിൽ മൂന്നക്കം കുറിച്ചു. സെഞ്ചുറി പിന്നിട്ടിട്ടും ഗിൽ വെടിക്കെട്ട് തുടർന്നു. അവസാന ഓവറിലെ ആദ്യ പന്തിൽ ഹാർദിക് മടങ്ങി. 17 പന്തിൽ 4 ബൗണ്ടറിയും ഒരു സിക്സറും സഹിതം 30 റൺസ് നേടിയ ഹാർദിക് നാലാം വിക്കറ്റിൽ ഗില്ലിനൊപ്പം 103 റൺസിൻ്റെ കൂട്ടുകെട്ടും ഉയർത്തി. 63 പന്തിൽ 12 ബൗണ്ടറിയും 7 സിക്സറും സഹിതം 126 റൺസ് നേടിയ ഗിൽ നോട്ടൗട്ടാണ്.