കേരളത്തിൽ ഹെൽത്ത് കാർഡിൻമേലുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷം ആയിരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ വകുപ്പ് എത്രത്തോളം പേർ ഹെൽത്ത് കാർഡ് എടുത്തു എന്നത് സംബന്ധിച്ച് പരിശോധന നടത്തുന്നതാണെന്ന് മന്ത്രി അറിയിച്ചു.
രണ്ട് പ്രാവശ്യം ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചിരുന്നു. പക്ഷേ ഹോട്ടൽ റസ്റ്റോറൻറ് സംഘടനാ പ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ചാണ് എല്ലാവർക്കും ഹെൽത്ത് കാർഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നൽകുന്നത്. ഇനിയൊരു സാവകാശം ഉണ്ടായിരിക്കുന്നതല്ലെന്നും അതുകൊണ്ട് തന്നെ ഈ കാലാവധിക്കുള്ളിൽ തന്നെ നിയമപരമായി എല്ലാവരും ഹെൽത്ത് കാർഡ് എടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കേണ്ടതാണ്. രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിർദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകർച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണം.