ഇന്ത്യയിൽ കൊവിഡ് കേസുകൾ വര്‍ധിക്കുന്നു; കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കും

  • Home-FINAL
  • Business & Strategy
  • ഇന്ത്യയിൽ കൊവിഡ് കേസുകൾ വര്‍ധിക്കുന്നു; കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കും

ഇന്ത്യയിൽ കൊവിഡ് കേസുകൾ വര്‍ധിക്കുന്നു; കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കും


ന്യൂഡല്‍ഹി: ഇന്ത്യയിൽ കൊവിഡ് കേസുകൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കുന്നു.

സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസ്ഥാനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഏതു സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ സജ്ജമായിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഏപ്രില്‍ 10, 11 തീയതികളില്‍ ഒരുക്കങ്ങള്‍ വിലയിരുത്താനായി എല്ലാ ആശുപത്രികളിലും മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഗര്‍ഭിണികളും പ്രായമായവരും രോഗികളും പുറത്തുപോകുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. കോവിഡ് മരണം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് 60 വയസിന് മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണെന്നും മന്ത്രി വ്യക്തമായിരുന്നു.

കേരളത്തിനു പുറമേ ഹരിയാനയിലും പുതുച്ചേരിയിലുമാണ് മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. സാഹചര്യം മനസിലാക്കി പെരുമാറണമെന്ന് ഹരിയാന ആരോഗ്യവകുപ്പ് ജനങ്ങളോട് നിര്‍ദേശിച്ചു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും മാസ്‌ക് നിര്‍ദേശം നടപ്പാക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടങ്ങളും പഞ്ചായത്തുകളും ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

പൊതുസ്ഥലങ്ങളില്‍ അടിയന്തരമായി മാസ്‌ക് നിര്‍ബന്ധമാക്കിയതായി പുതുച്ചേരി ഭരണകൂടവും അറിയിച്ചു. ആശുപത്രി, ഹോട്ടല്‍, റസ്റ്ററന്റുകള്‍, മദ്യക്കടകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

കേരളത്തില്‍ നല്‍കിയ നിര്‍ദേശം
പ്രായമുള്ളവരേയും കിടപ്പ് രോഗികളെയും കോവിഡില്‍ നിന്നും സംരക്ഷിക്കുക പ്രധാനമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് മരണം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് 60 വയസിന് മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണ്. 60 വയസിന് മുകളിലുള്ളവരിലാണ് 85 ശതമാനം കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബാക്കി 15 ശതമാനം ഗുരുതരമായ മറ്റു രോഗങ്ങളുള്ളവരാണ്. വീട്ടില്‍നിന്നു പുറത്തു പോകാത്ത 5 പേര്‍ക്ക് കോവിഡ് മരണം ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ കിടപ്പുരോഗികള്‍, വീട്ടിലെ പ്രായമുള്ളവര്‍ എന്നിവരെ പ്രത്യേകമായി കരുതണം. അവര്‍ക്ക് കോവിഡ് ബാധിക്കുന്നില്ല എന്ന് ഉറപ്പാക്കണം. പുറത്ത് പോകുമ്പോള്‍ നിര്‍ബന്ധമായും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

Leave A Comment